അറസ്റ്റ് സിപിഎമ്മിന്റെ പ്രതികാര നടപടി; ജയിലില്‍ കിടക്കാന്‍ മടിയില്ല: കെ സുരേന്ദ്രന്‍

Posted on: November 18, 2018 9:36 am | Last updated: November 18, 2018 at 12:51 pm

പത്തനംതിട്ട: ശബരിമലയില്‍ പോകാനെത്തിയ തന്നെ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തനിക്കെതിരായ നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ആചാരം സംരക്ഷിക്കാന്‍ നിലപാടെടുത്തതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ജയിലില്‍ പോകാന്‍ മടിയില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ്.

അറസ്റ്റ് ചെയ്ത തന്നെ പോലീസ് മര്‍ദിച്ചു. മൂന്ന് മണിക്ക് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റേണ്ട കാര്യമില്ലായിരുന്നു. പുറമെ മുറിവുകള്‍ ഇല്ലെങ്കിലും മര്‍ദനമേറ്റതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ജയിലില്‍ തങ്ങളുടെ ഇരുമുടിക്കെട്ടുകള്‍ വെച്ച് രണ്ട് നേരം പ്രാര്‍ഥിക്കാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.