ചാമ്പ്യന്മാരെ വീഴ്ത്തി ഗോകുലം

Posted on: November 18, 2018 9:05 am | Last updated: November 19, 2018 at 5:08 pm

കോഴിക്കോട്: മലയാളി താരങ്ങളുടെ കൂട്ടുകെട്ടില്‍ പിറന്ന ഏക ഗോളില്‍ ഗോകുലം എഫ് സി ഐ ലീഗ് ഫുട്‌ബോളില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ മുട്ടുകുത്തിച്ചു. 36000ത്തിലധികം വരുന്ന നാട്ടുകാരെ സാക്ഷിയാക്കി മലയാളി താരം രാജേഷാണ് കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗോകുലം എഫ് സി അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റ് കരസ്ഥമാക്കി പട്ടികയില്‍ രണ്ടാമതെത്തി.

ആദ്യ മിനുട്ടുകളില്‍ മിനര്‍വയുടെ ചെറിയ നീക്കങ്ങള്‍ മൈതാനത്ത് കണ്ടെങ്കിലും ഗോകുലം പെട്ടെന്ന് തന്നെ താളം കണ്ടെത്തി. ഗോകുലം ഉണര്‍ന്നതോടെ ഇരു ഭാഗത്തും ചെറിയ തോതിലുള്ള നീക്കങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും ഗോളാക്കാനായില്ല. പത്താം മിനുട്ടില്‍ ഗോകുലത്തിന് വേണ്ടി ഗനി മുഹമ്മദ് നിഗമും 13ാം മിനുട്ടില്‍ എസ് രാജേഷും നിര്‍ണായക നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ പഞ്ചാബിന്റെ പ്രതിരോധതാരം സൗവിക് ദാസിന്റെ ക്രോസ് കണക്റ്റ് ചെയ്ത് ഇദാഫെയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. 45ാം മിനുട്ടില്‍ രാജേഷിനെ ഫൗള്‍ ചെയ്തതിന് പഞ്ചാബിന്റെ എന്‍ജോക്കുവിന് മഞ്ഞക്കാര്‍ഡ് കണ്ടു.

59ാം മിനിട്ടില്‍ സുഹൈര്‍ ബോക്‌സിലേക്ക് ഗനി അഹമ്മദ് നിഗമിന് നീട്ടിനല്‍കിയ പാസ് രാജേഷ് ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു (1-0). ഗോള്‍ പിറന്നതോടെ ഗോകുലം കൂടുതല്‍ ഉണര്‍ന്ന് കളിച്ചു. 61ാം മിനുട്ടില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ ഗനിക്ക് പകരം ഗോകുലം പ്രീതം സിംഗിനെ ഇറക്കി. കളം നിറഞ്ഞ് കളിക്കുന്ന പ്രീതം ഗോകുലത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 66ാം മിനുട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വി പി സുഹൈറിന്റെ നിര്‍ണായകമായ നീക്കം ഗോളെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
76ാം മിനുറ്റില്‍ പ്രീതത്തിന്റെ അപകടകരമായ ഷോട്ട് പഞ്ചാബ് ഗോളി സേവ് ചെയ്തു. പിന്നീട് സമനില ഗോളിന് വേണ്ടി മിനര്‍വ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലും ഗോകുലത്തിന് മികച്ച അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു.

മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോഴും ഇഞ്ചുറി ടൈമിലും മിനര്‍വ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍, എല്ലാ ശ്രമങ്ങളും കേരളത്തിന്റെ ഗോള്‍ കീപ്പര്‍ ഷിബിന്‍രാജിന്റെ മികവാര്‍ന്ന സേവുകള്‍ക്ക് മുമ്പില്‍ നിഷ്പ്രഭമായി.
ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് മൂന്ന് കളികളില്‍ നിന്ന് വിലക്കുള്ള ക്യാപ്റ്റന്‍ മുഡെ മൂസെയില്ലാതെയാണ് ഇന്നലെ ഗോകുലം കളത്തിലിറങ്ങിയത്. വിദേശതാരങ്ങളായ അന്റോണിയോ ജെര്‍മെയ്‌നും മിഡ്ഫീല്‍ഡര്‍ കാസ്‌ട്രോയും ഇന്നലെ കേരളത്തിന് വേണ്ടി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചു. കഴിഞ്ഞ മാച്ചിലെ അതേ ടീമിനെയാണ് ഗോകുലം ഇന്നലെയും പരീക്ഷിച്ചത്.