Connect with us

National

റോമിയോ കോപ്റ്ററുകള്‍ വാങ്ങുന്നു; 14,357 കോടി മുടക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അന്തര്‍വാഹിനികളെയടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന അമേരിക്കയുടെ മള്‍ട്ടി റോള്‍ എം എച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് ഇന്ത്യ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 14,357 കോടി രൂപ) ചെലവിട്ട് 24 ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച സിംഗപ്പൂരില്‍ യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹെലികോപ്റ്റര്‍ കൈമാറ്റം വളരെ പെട്ടന്ന് സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ യു എസിന് കത്ത് നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ക്കകം ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈ മാസം അവസാനം ജി 20 ഉച്ചക്കോടിക്കായി അര്‍ജന്റീനയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് പ്രസിഡന്റ് ട്രംപും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ജി 20 ഉച്ചകോടിക്കിടെ ട്രംപ്- മോദി കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എം എച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകള്‍ ലഭ്യമാകുന്നത് സമുദ്രവുമായി ഏറെ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യക്ക് വലിയ ഗുണകരമാകും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ഉപരോധ ഭീഷണിയില്‍ ഇളവ് വരുത്തി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് യു എസ് അനുമതി നല്‍കിയിരുന്നു. യു എസുമായി കൂടുതല്‍ സൈനിക ഇടപാടുകള്‍ക്ക് ഇന്ത്യ തയ്യാറായതുകൊണ്ടാണ് ഇളവെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Latest