സ്വകാര്യ ഹജ്ജ് നയത്തിന്റെ കരട് പുറത്തിറക്കി; പരിഗണിക്കുക സാമ്പത്തിക സ്ഥിതിയും പരിചയസമ്പത്തും

Posted on: November 18, 2018 8:54 am | Last updated: November 18, 2018 at 9:39 am

കോഴിക്കോട്: സാമ്പത്തിക സ്ഥിതിയും പരിചയസമ്പത്തും അടിസ്ഥാനപ്പെടുത്തി ക്വാട്ട നിശ്ചയിക്കുന്ന 2019- 23 വര്‍ഷത്തെ സ്വകാര്യ ഹജ്ജ് നയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ ഹജ്ജ് നയത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഇനി മുതല്‍ ക്വാട്ട അനുവദിക്കുക. നേരത്തെ ഏഴ് വര്‍ഷം പരിചയസമ്പത്തുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഒരു വിഭാഗവും അതില്‍ താഴെയുള്ളവര്‍ക്ക് മറ്റൊരു വിഭാഗവുമായിരുന്നു. എന്നാല്‍, പുതിയ നയത്തില്‍ ഫസ്റ്റ് സ്റ്റാര്‍, ഫസ്റ്റ്, സെക്കന്‍ഡ് എന്നീ വിഭാഗങ്ങളായി തിരിച്ചു.
പന്ത്രണ്ട് വര്‍ഷത്തെ പരിചയസമ്പത്തും അഞ്ച് കോടി വാര്‍ഷിക ആദായവുമുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ ഫസ്റ്റ് സ്റ്റാറില്‍ ഉള്‍പ്പെടും.

ഈ വിഭാഗത്തിന് മൊത്തം ക്വാട്ടയുടെ മുപ്പത് ശതമാനം സീറ്റുകള്‍ ലഭിക്കും. 95 മുതല്‍ 120 വരെസീറ്റായിരിക്കും ഈ വിഭാഗത്തിന്റെ ഇടയിലുള്ള ക്വാട്ടയുടെ വീതംവെപ്പ്. ഏഴ് വര്‍ഷം പരിചയവും മൂന്ന് കോടി വാര്‍ഷിക ആദായവുമുള്ള ഫസ്റ്റ് വിഭാഗത്തിന് മൊത്തം ക്വാട്ടയുടെ നാല്‍പ്പത് ശതമാനം സീറ്റുകള്‍ അനുവദിക്കും. 85 മുതല്‍ നൂറ് സീറ്റുകള്‍ വരെയായിരിക്കും ഈ വിഭാഗത്തിലുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ലഭിക്കുക. ഒരു വര്‍ഷമോ അതില്‍ കൂടുതലോ ഹജ്ജ് പരിചയവും ഉംറ പരിജ്ഞാനവുമുള്ള മൂന്നാമത് വിഭാഗത്തിന് മുപ്പത് ശതമാനം ക്വാട്ട നീക്കിവെക്കും. ഒരു കോടി വാര്‍ഷിക ആദായമാണ് ഈ വിഭാഗത്തിന് വേണ്ടത്.

ഇതിന് പുറമെ രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതവത്കരിച്ചാണ് പുതിയ സ്വകാര്യ ഹജ്ജ് നയം പുറത്തിറങ്ങുന്നത്. ഇത് പ്രകാരം ഇനി മുതല്‍ ഓരോ വര്‍ഷവുമുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയും. ഇതിന്റെ പ്രിന്റും സെക്യൂരിറ്റി ഫീസിന്റെയും അപേക്ഷാ ഫീസിന്റെയും ഡി ഡിയെടുത്തതിന്റെ പകര്‍പ്പും സഹിതം കേന്ദ്ര ഹജ്ജ് മന്ത്രാലയ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. സെക്യൂരിറ്റി ഫീസായി ഇത്തവണ മൂന്ന് കാറ്റഗറികള്‍ക്കായി യഥാക്രമം 45 ലക്ഷം, 35 ലക്ഷം, 25 ലക്ഷം എന്നിങ്ങനെയാണ് തുക ഈടാക്കുക. നേരത്തെ ഇത് രണ്ട് വിഭാഗങ്ങള്‍ക്കും 25 ലക്ഷം രൂപ വീതമായിരുന്നു ഈടാക്കിയിരുന്നത്. നറുക്കെടുപ്പ് ഒഴിവാക്കി ഓരോ വിഭാഗത്തിലും സീറ്റുകള്‍ പങ്ക് വെക്കുമെന്നാണ് പുതിയ സ്വകാര്യ ഹജ്ജ് നയം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പുതിയ കാറ്റഗറികള്‍ നിശ്ചയിച്ചതു വഴി പരിചയസമ്പത്തുള്ള സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സീറ്റുകളില്‍ കുറവ് വരുന്നതിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പരിചയസമ്പത്തുണ്ടെങ്കിലും നിശ്ചയിച്ച വാര്‍ഷിക ആദായമില്ലാത്ത ഗ്രൂപ്പുകള്‍ താഴെയുള്ള വിഭാഗത്തിലേക്ക് പിന്തള്ളപ്പെടുമെന്നതിനാല്‍ ഹജ്ജ് സീറ്റുകള്‍ കൂടുതല്‍ നേടിയെടുക്കാന്‍ കൂടുതല്‍ ഉംറ ടൂറുകള്‍ സംഘടിപ്പിച്ച് വാര്‍ഷിക വിറ്റുവരവ് കൂട്ടിക്കാണിക്കാനുള്ള സാധ്യതയും ഏറെയാണ്.

2013 മുതല്‍ 2017 വരെയായിരുന്നു സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള നയം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 2018ലും ഇത് തന്നെ തുടര്‍ന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ നയത്തിന്റെ കരട് പുറത്തിറക്കിയത്. പുതിയ കരട് നയത്തില്‍ ഈ മാസം മുപ്പതിന് മുമ്പായി അഭിപ്രായമറിയിക്കാന്‍ എല്ലാ സ്വകാര്യ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷനുകളോടും ഹജ്ജ് ഗ്രൂപ്പുകളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പഠനത്തെ ആസ്പദമാക്കി കേന്ദ്ര ഹജ്ജ് മന്ത്രാലയമാണ് പുതിയ സ്വകാര്യ ഹജ്ജ് നയം തയ്യാറാക്കിയത്. മുന്‍വര്‍ഷത്തെ ഹജ്ജ് നയം വിശകലനം ചെയ്തും സഊദി സര്‍ക്കാറില്‍ നിന്നുള്ള രേഖകളുടെയും അടിസ്ഥാനത്തിലാണ് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തിയത്.