ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗം: സിപിഎം

Posted on: November 17, 2018 3:22 pm | Last updated: November 17, 2018 at 5:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നവരാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ ശബരിമലയെ ഉള്‍പ്പെടെ തകര്‍ത്ത് തീര്‍ത്ഥാടകര്‍ക്ക് രക്ഷയില്ലെന്ന പ്രചരണവുമായി രംഗത്തുവരുന്നത്. ശബരിമലയിലെ തീര്‍ത്ഥാടകരില്‍ വലിയ വിഭാഗം വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. അവിടങ്ങളില്‍ ശബരിമലയില്‍ കുഴപ്പങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ച് തീര്‍ത്ഥാടകരെ അകറ്റിനിര്‍ത്തുക എന്ന സമീപനത്തിന്റെ ഭാഗമാണ് ഈ ഹര്‍ത്താലെന്ന് കാണണം.

ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത് എന്ന പ്രചാരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകര്‍ക്കാനുള്ള പ്രചാരണം നടത്തുന്നതിന്റെ തുടര്‍ച്ച തന്നെയാണ് ഇത്. സന്നിധാനത്തില്‍ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാന്‍ തീരുമാനിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത് എന്ന് തിരിച്ചറിയണം. തുലാമാസം നട തുറന്നപ്പോഴും ഹര്‍ത്താല്‍ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്ത്തിയവരാണ് ഇപ്പോള്‍ വീണ്ടും വൃശ്ചികം ഒന്നിന് ഹര്‍ത്താലുമായി രംഗത്തിറങ്ങിയത്.

മാത്രമല്ല, ഹര്‍ത്താല്‍ സാധാരണ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടകരേയും ശബരിമല സീസണില്‍ പത്തനംതിട്ട ജില്ലയേയും എല്ലാവരും ഒഴിവാക്കാറുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസികളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും ഉയര്‍ത്തിപ്പിടിക്കാത്തവരാണ് സംഘപരിവാറെന്ന് വ്യക്തമായിരിക്കുകയാണ്. അവസരം മുതലാക്കുക എന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയേയും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിട്ട സംസ്ഥാനം പുനര്‍നിര്‍മ്മാണത്തിന്റെ വഴികളിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കേരളത്തിലാകമാനം സംഘര്‍ഷമുണ്ടാക്കി മുന്നോട്ടുപോകുന്നതിന് സംഘപരിവാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്നതിന് ബോധപൂര്‍വമായ അക്രമങ്ങളും ഈ ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുകയാണ്. ശബരിമലയെ തകര്‍ക്കാനും സംസ്ഥാനത്താകമാനം സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.