കോഴിക്കോട്ട് സംഘപരിവാര്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകക്കും ഭര്‍ത്താവിനും നേരെ വീണ്ടും ആക്രമണം

Posted on: November 17, 2018 2:37 pm | Last updated: November 17, 2018 at 5:59 pm

കോഴിക്കോട്: ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടര്‍ സാനിയോയേയും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെയാണ് ആക്രമണമുണ്ടായത്. കക്കട്ടില്‍ അമ്പലകുളങ്ങരയില്‍ വെച്ചാണ് സംഭവം. സുഹൃത്തിന്റെ കാറില്‍ പോകുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
കണ്ടാലറിയാകുന്ന പത്തിലധികം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാനിയോ പറഞ്ഞു.

നികിതാസിന് മുഖത്തും നെഞ്ചിലും വയറിലുമാണ് പരുക്കേറ്റത്. ഇവരെ ആദ്യം കുറ്റിയാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പോലീസ് സുരക്ഷയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി വീണ്ടും ആക്രമണമുണ്ടായി.

നടുവണ്ണൂരില്‍ വെച്ച് ഒരു സംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്ന് പിന്തുടര്‍ന്ന അക്രമികള്‍ നടുവണ്ണൂരില്‍ വെച്ചാണ് മര്‍ദനമഴിച്ചുവിട്ടത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടേ മകനാണ് നികിദാസ്.