Connect with us

Kerala

ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കിമാറ്റി; ബിജെപി ഹര്‍ത്താല്‍ പൊറുക്കാനാകാത്ത തെറ്റ്: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: ആരുമറിയാത്ത കെ പി ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കിമാറ്റിയെന്നും ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശികലയെ അറസ്റ്റ് ചെയ്ത് ആളാക്കിയ സര്‍ക്കാറിന് വലിയ നമസ്‌കാരം. അവര്‍ ഭക്തയായിട്ടാണ് ശബരിമലയില്‍ പോയതെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി ഹര്‍ത്താല്‍ പൊറുക്കാനാകാത്ത തെറ്റാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മറ്റ് ധാരാളം വഴികളുണ്ടായിരുന്നു.

പ്രശ്‌നം പരിഹരിക്കാനുള്ള ഏകമാര്‍ഗം ഭരണഘടനാ ഭേദഗതിയാണ്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണ്ട് ഭരണഘടനാ ഭേദഗതി നടത്തണം. കേന്ദ്ര സര്‍ക്കാറാണ് ഇത് ചെയ്യേണ്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇവിടെ കിടന്ന് തുള്ളിക്കളിക്കാതെ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കണം.

സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് സര്‍വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണം. തന്ത്രിയും പന്തളം രാജാവും പറഞ്ഞത് മുഖ്യമന്ത്രി കേള്‍ക്കുന്നത് എന്ത് നവോത്ഥാനം. മാധ്യമങ്ങള്‍ക്ക് നേരെയും സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. സന്നിധാനത്ത് നടക്കുന്നത് പൊലീസ് രാജെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നു. പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ വീഴ്ചയെന്നും ചെന്നിത്തല ആരോപിച്ചു.

Latest