Connect with us

Kerala

തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം

Published

|

Last Updated

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവവുമായി നിരവധി പേരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ എത്തിയത്. മലയാളികളായ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ നാമജപം നടത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ തൃപ്തി കുടുങ്ങി.

ഇന്നലെ പുലര്‍ച്ചെ നാലരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയതോടെയാണ് പതിനാറ് മണിക്കൂറിന് ശേഷം മുംബൈക്ക് മടങ്ങിയത്. ശബരിമലയിലെത്താതെ മടങ്ങില്ലെന്ന് പലതവണ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയതോടെ അധികൃതരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മടങ്ങിയത്. രാത്രി 9.15 ഓടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് അവര്‍ പുണെയിലേക്ക് തിരിച്ചത്. തൃപ്തിയും സംഘവും തിരിച്ചുപോയതിനു ശേഷമാണ് രാത്രി വൈകിയും വിമാനത്താവളത്തിനു പുറത്തുണ്ടായ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തിരികെപ്പോയത്.

തൃപ്തിയും സംഘവും പുലര്‍ച്ചെ എത്തുമെന്ന വിവരം അറിഞ്ഞതോടെ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. രാവിലെ നാലരയോടയാണ് തൃപ്തിയും സംഘവുമെത്തിയത്. ഇവര്‍ എത്തിയതു മുതല്‍ പ്രതിഷേധക്കാര്‍ നാമജപ മന്ത്രങ്ങളുമായി ആഭ്യന്തര ടെര്‍മിനലിനു മുന്നില്‍ ഉപരോധസമരം തുടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും പരിസരവും മണിക്കൂറുകള്‍ക്കകം തന്നെ സംഘര്‍ഷഭരിതമായി. ഇവരെ പുറത്തെത്തിച്ച് ഏതെങ്കിലും ഹോട്ടലിലേക്ക് മാറ്റാന്‍ തുടക്കത്തില്‍ പോലീസ് ശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവരെ കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവര്‍മാരും തയ്യാറായില്ല.