Connect with us

National

രാമക്ഷേത്ര നിര്‍മാണം ഉന്നയിച്ച് അയോധ്യയില്‍ റാലി; മുസ്‌ലിംകള്‍ ഭീതിയിലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം ഉയര്‍ത്തിക്കാട്ടി അയോധ്യയില്‍ തീവ്രഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പിന്നാലെ, അയോധ്യയിലെയും പരിസരങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്നാണ് റിപ്പോര്‍ട്ട്. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെയും ശിവസേനയുടെയും നേതൃത്വത്തില്‍ അയോധ്യയില്‍ വന്‍ റാലി സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ മുസ്‌ലിം വിഭാഗങ്ങള്‍ ഭീതിയിലാണെന്നും നഗരം വിട്ടുപോകാന്‍ തയ്യാറെടുക്കുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഈ മാസം 25നാണ് അയോധ്യയില്‍ സാന്റ് സമ്മേളന്‍ എന്ന പേരില്‍ വിശ്വഹിന്ദുപരിഷത്ത് റാലി സംഘടിപ്പിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ശിവസേനയും റാലി സംഘടിപ്പിക്കുന്നത്. ഉദ്ധവ് താക്കറെയടക്കമുള്ള ശിവസേനാ നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും.
രാമക്ഷേത്ര നിര്‍മാണമാവശ്യപ്പെടുന്ന വലിയൊരു ജനക്കൂട്ടം പ്രദേശത്ത് എത്തിച്ചേര്‍ന്നാല്‍ സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നീങ്ങുമോയെന്ന ഭീതിയിലാണ് പ്രദേശത്തെ മുസ്‌ലിംകള്‍. ഇക്കാര്യം വ്യക്തമാക്കി തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബാബരി കേസിലെ അന്യായക്കാരായ ഇഖ്ബാല്‍ അന്‍സാരി, ഹാജി മെഹ്ബൂബ്, മുഹമ്മദ് ഉമര്‍ എന്നിവര്‍ പോലീസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രദേശത്തെ മുസ്‌ലിംകള്‍ ഭീതിയിലാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, അയോധ്യയിലെ മുസ്‌ലിംകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഫൈസാബാദ് സിറ്റി പോലീസ് സൂപ്രണ്ട് അനില്‍കുമാര്‍ സിംഗ് വ്യക്തമാക്കി. പ്രദേശത്തെ എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റാലി സംഘടിപ്പിക്കുന്ന ദിനത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് സ്‌പെഷ്യല്‍ ഫോഴ്‌സിനെ വിന്യസിക്കണമെന്നാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമാകാനിരിക്കെയാണ് വിവിധ ഹിന്ദു സംഘടനകള്‍ രാമക്ഷേത്ര നിര്‍മാണ വിഷയം ഉയര്‍ത്തി രംഗത്തെത്തിയത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ബി ജെ പിയുമായി ഇടഞ്ഞുനില്‍ക്കുന്ന തീവ്രഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest