എണ്ണവിലയിലെ രാഷ്ട്രീയം

Posted on: November 17, 2018 8:45 am | Last updated: November 16, 2018 at 9:48 pm

ഏതാനും ദിവസങ്ങളായി ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും ഇന്ത്യന്‍ വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെയും വില കുറഞ്ഞു കൊണ്ടിരിക്കയാണ്. ഇന്ത്യയില്‍ ഒരു മാസത്തോളമായി പെട്രോളിയം ഉത്പന്ന വില കുറഞ്ഞു കൊണ്ടിരിക്കയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഒരു മാസത്തിനിടെ അഞ്ച് രൂപയോളം കുറവുണ്ടായി. 71 ഡോളര്‍ കടന്ന അസംസ്‌കൃത എണ്ണ രണ്ട് ദിവസത്തിനിടെ രണ്ട് ഡോളര്‍ താഴ്ന്നു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ കണ്ണുരുട്ടലാണ് അസംസ്‌കൃത എണ്ണയുടെ വില കുറയാനുള്ള കാരണം. എണ്ണ ഉത്പാദനം കുറച്ചു ഉയര്‍ന്ന വില നിലനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ആഭ്യന്തരോപയോഗത്തിന് ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്ന അമേരിക്കയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നായപ്പോള്‍ എണ്ണ ഉത്പാദനം കുറക്കരുതെന്ന് അറബ് രാജ്യങ്ങള്‍ക്ക് ടിറ്റ്വറിലൂടെ ട്രംപ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉത്പാദനം വെട്ടിക്കുറക്കാനുളള തീരുമാനം അറബ് രാജ്യങ്ങള്‍ നിര്‍ത്തിവെക്കുകയും അത് വിലയില്‍ പ്രകടമാവുകയുമായിരുന്നു. അസംസ്‌കൃത എണ്ണവില നിയന്ത്രിക്കണമെന്നും ഉത്തരവാദിത്വത്തോടെ വിലനിര്‍ണയം നടത്തണമെന്നും ആവശ്യാനുസരണം എണ്ണ ലഭ്യമാക്കണമെന്നും നേരത്തെ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും ഒപെകിനോടാവശ്യപ്പെട്ടതാണ്.

സാധാരണ ഗതിയില്‍ സാധനങ്ങളുടെ വിലവര്‍ധനവും ഇടിവും ഉത്പന്നങ്ങളുടെ വിപണി ലഭ്യതയെ ആശ്രയിച്ചാണ് ഉണ്ടാകാറുള്ളത്. സ്വാഭാവികമായുണ്ടാകുന്ന ഉത്പാദനക്കുറവ് വില വര്‍ധിപ്പിക്കുകയും ഉത്പാദന വര്‍ധന വിലയില്‍ കുറവ് വരുത്തുകയും ചെയ്യും. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ താത്പര്യങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും അവരുടെ രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉത്പാദം വെട്ടിക്കുറച്ച് വിലവര്‍ധിപ്പിക്കുകയും ഉത്പാദനം കൂട്ടി വില കുറക്കുകയുമാണ് ചെയ്യുന്നത്. ബാരലിന് 40 ഡോളര്‍ എത്തിയിരുന്ന അസംസ്‌കൃത എണ്ണ വില മുപ്പത് ഡോളറിലേക്ക് താഴുന്ന അവസ്ഥ വന്നതോടെ എണ്ണ ഉത്പാദനം കുറക്കാന്‍ 2017 ജനുവരിയില്‍ ഒപെക് രാജ്യങ്ങളും സഊദിയും തീരുമാനമെടുത്തതാണ് സമീപ കാലത്തെ എണ്ണ വില വര്‍ധനവിന് വഴിവെച്ചത്. മൂന്ന് വര്‍ഷം കൊണ്ട് ബാരലിന് 58 ഡോളര്‍ വരെ വില വര്‍ധിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്നത്തെ തീരുമാനപ്രകാരം 2018 അവസാനം വരെയാണ് ഉത്പാദന നിയന്ത്രണം. പിന്നീട് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ ഉത്പാദനത്തിലെ വെട്ടിക്കുറവ് തുടരാനായിരുന്നു പദ്ധതി. ഇതനുസരിച്ച് വീണ്ടും ഉത്പാദനക്കുറവ് തുടരാനുള്ള തീരുമാനത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ ഇടപെടലുണ്ടായത്.

ഇന്ത്യയുടെ മൊത്തം ആവശ്യത്തിന്റെ 80 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അസംസ്‌കൃത, പ്രകൃതി വാതക എണ്ണ ആഗോള ഇറക്കുമതിയില്‍ അമേരിക്കക്കും ചൈനക്കും പിറകിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി യഥാക്രമം 184.4, 194.6, 203.2 മില്യണ്‍ ടണ്ണാണ്. ഒരു ഉത്പന്നത്തിന്റെ വില കൂടിയാല്‍ ഉപഭോക്താവ് ആനുപാതികമായി വാങ്ങുന്ന അളവ് കുറക്കുകയും വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുകയുമാണ് സാധാരണ പ്രതിഭാസം. എന്നാല്‍ എണ്ണ വിപണിയില്‍ ഈ സ്വാഭാവികത കാണപ്പെടാറില്ല. അവിടെ വില കൂടുമ്പോഴും ഇവിടെ ഉപഭോഗം വര്‍ധിക്കുകയാണ.് .അന്തര്‍ദേശീയ പ്രശ്‌നങ്ങളും രൂപയുടെ വിനിമയ നിരക്കും ഇതര രാജ്യങ്ങളുടെ എണ്ണ ഉത്പാദനവും ഉപഭോഗവുമെല്ലാം നമ്മുടെ എണ്ണ വിലയെ സ്വാധീനിക്കാറുണ്ട്. എണ്ണവിപണിയെ കറവപ്പശുവായി കാണുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയമാണ് ഇതിലെല്ലാമുപരി എണ്ണവിലയിലെ പ്രധാന വില്ലന്‍. പണപ്പെരുപ്പവും വിലക്കയറ്റവുമാണ് പെട്രോള്‍ വില വര്‍ധനയുടെ ഏറ്റവും വലിയ പ്രത്യാഘാതം. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത് കോര്‍പറേറ്റുകളാലും സമ്പന്നരേക്കാളുമുപരി, സ്വന്തമായി വാഹനമില്ലാത്ത ഒരിക്കലും പെട്രോള്‍ നേരിട്ട് ഉപയോഗിക്കേണ്ട ആവശ്യം വരാത്ത രാജ്യത്തെ സാധാരണക്കാരും ദരിദ്രരുമാണ്.

ആഗോള വിപണിയില്‍ എണ്ണ വിലനിലവാരം മുകളിലേക്കായാലും താഴോട്ടായാലും ആഭ്യന്തര വിപണിയില്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ മുമ്പില്‍ ചില മാര്‍ഗങ്ങളുണ്ട്. ഇലക്ട്രിക് വാഹനങ്ങളും ജൈവ ഇന്ധന വാഹനങ്ങളും വ്യാപകമാക്കുന്നതു വഴി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി പരമാവധി കുറക്കുകയാണ് ഒരു മാര്‍ഗം. ചില സംസ്ഥാനങ്ങള്‍ ഒറ്റപ്പെട്ട മേഖലയില്‍ മുന്നേറിയതൊഴിച്ചാല്‍ ഈ വഴിക്കു ഇന്ധന വില നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതികള്‍ കേന്ദ്രമോ വ്യാപകമായ തോതില്‍ സംസ്ഥാന സര്‍ക്കാറുകളോ നടപ്പാക്കിയിട്ടില്ല. വിശാലമായ കടല്‍ത്തീരവും തിരമാലകളും കാറ്റും സൂര്യപ്രകാശവും ധാരാളം ലഭിച്ചിട്ടും അവയൊന്നും കാര്യക്ഷമമായ ഊര്‍ജ ഉറവിടങ്ങളായി മാറ്റിയെടുക്കുന്നതില്‍ ഭരണ കൂടങ്ങള്‍ തീര്‍ത്തും അശ്രദ്ധരാണ്.

നികുതി കുറച്ച് ആഗോള വിപണയിലെ വില വര്‍ധന സാധാരണക്കാരനെ ബാധിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് മറ്റൊരു മാര്‍ഗം. പെട്രോള്‍ വില കുതിച്ചുയരുമ്പോള്‍ നികുതി കുറക്കാന്‍ വ്യാപകമായി ആവശ്യമുയരാറുണ്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊള്ളാറില്ല. ഇന്ത്യയില്‍ സാധാരണഗതിയില്‍ രണ്ട് ഘടകങ്ങള്‍ വിലയിരുത്തിയാണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്. 15 ദിവസത്തെ എണ്ണവിലയുടെ ശരാശരി കണക്കാക്കിയും രൂപയുടെ വിനിമയമൂല്യമനുസരിച്ചും. എന്നാല്‍ പലപ്പോഴും ഈ ഘടകങ്ങളെ മറികടന്നു എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാറുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞാലും അത് രാജ്യത്തെ പെട്രോള്‍ ഉത്പന്നങ്ങളുടെ വിലയില്‍ പ്രകടമാകാറില്ല. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ മാത്രമാണ് ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനായി വില നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെടാറുള്ളത്. ഇതനുസരിച്ച് ആറ് മാസം മുമ്പ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഈ അനുഭവം വെച്ചു നോക്കുമ്പോള്‍ രാജ്യത്തെ ഇപ്പോഴത്തെ വിലക്കുറവ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ എന്ന് സംശയിക്കേണ്ടതുണ്ട്.