Connect with us

Kerala

പ്രതിഷേധക്കാരെ പേടിച്ചല്ല മടങ്ങുന്നത്; ഇനിയും വരും: തൃപ്തി ദേശായി

Published

|

Last Updated

കൊച്ചി: പ്രതിഷേധക്കാരെ പേടിച്ചല്ല; പോലീസിന്റെ നിര്‍ദേശം മാനിച്ചാണ് മടങ്ങുന്നതെന്ന് ശബരിമലയില്‍ ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധക്കാര്‍ തന്നെയാണ് ഭയന്നത്. താനും സംഘവും ശബരിമല കയറുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പുറത്തുനിന്നവര്‍ അസഭ്യം പറഞ്ഞു. ടാക്‌സിക്കാര്‍ വരാന്‍ വിസമ്മതിച്ചു. താമസിക്കാന്‍ ഹോട്ടല്‍ അന്വേഷിച്ചെങ്കിലും ഉടമകള്‍ തയ്യാറായില്ല. ലക്ഷ്യം വിജയമായതിനാലാണ് വിമാനത്താവളത്തില്‍ തന്നെ തടഞ്ഞത്. സമത്വത്തിനായുള്ള സമരമാണിത്. താന്‍ വീണ്ടുംവരും. മുന്‍കൂട്ടി അറിയിക്കാതെയാകും വരികയെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് രാത്രി 9.25നുള്ള എയര്‍ ഇന്ത്യയുടെ മുംബൈ വിമാനത്തിലാണ് തൃപ്തി ദേശായി മടങ്ങുക. 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ തങ്ങിയ ശേഷമാണ് ഇവര്‍ മടങ്ങുന്നത്. തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ന് പുലര്‍ച്ചെ 4.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചു. ബിജെപിയുടെ നേത്യത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

പോലീസ് പല തവണ ചര്‍ച്ച നടത്തിയിട്ടും ദര്‍ശനം നടത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യം പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മടങ്ങാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

Latest