അതിര്‍ത്തിയിലെ അക്രമം; പാക്കിസ്ഥാന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് ഇന്ത്യന്‍ സേനാ മേധാവി

Posted on: November 16, 2018 6:41 pm | Last updated: November 16, 2018 at 6:41 pm

ഉധംപൂര്‍: ഇന്ത്യക്കു ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് ആര്‍മിയുടെ ഉത്തര കമാന്‍ഡിംഗ് ചീഫ് ലെഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ഉചിതമായ മറുപടി പല തവണ നല്‍കിക്കഴിഞ്ഞതാണെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു. ഇവിടെ ആര്‍മി സ്‌കൂളിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു.

ജമ്മു മേഖലയിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കമാന്‍ഡിംഗ് ചീഫിന്റെ മുന്നറിയിപ്പ്. കഴിഞ്ഞാഴ്ച ജമ്മുവിലെ രജൗരി, പൂഞ്ച് ജില്ലകളിലുണ്ടായ പാക് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നത് ആശങ്കാജനകമാണെന്നും എന്നാല്‍ തീവ്രവാദികളെ ഇങ്ങോട്ടു തള്ളിവിടാനുള്ള അയല്‍ രാജ്യത്തിന്റെ എല്ലാ ശ്രമങ്ങളെയും തകര്‍ക്കാന്‍ ഇന്ത്യന്‍ സേനക്ക് കഴിയുമെന്നും രണ്‍ബീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.