വര്‍മക്കെതിരായ സി വി സി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് അസ്താന; പറ്റില്ലെന്ന് കോടതി

Posted on: November 16, 2018 4:28 pm | Last updated: November 16, 2018 at 6:05 pm

ന്യൂഡല്‍ഹി: സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. അസ്താനക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യമുന്നയിച്ചപ്പോള്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ അലോക് വര്‍മക്കു മാത്രമെ നല്‍കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് സംബന്ധിച്ച് അഭിപ്രായം പറയണമെന്ന് അസ്താനക്കു ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതു പറയേണ്ടതില്ലെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം.

അലോക് വര്‍മക്കും രാകേഷ് അസ്താനക്കുമെതിരായ കേസുകളില്‍ കോടതിയില്‍ വാദം നടക്കുകയും ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുകയും ചെയ്യുന്നതിനിടെയാണ് അസ്താന സി വി സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.