Connect with us

Gulf

അസ്ഥിര കാലാവസ്ഥ; കുവൈത്തിലേക്കുള്ള യു എ ഇ വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു

Published

|

Last Updated

ദുബൈ: കുവൈത്തില്‍ അസ്ഥിര കാലാവസ്ഥ മൂലം കുവൈത്ത്അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്കുള്ള മിക്ക യു എ ഇ വിമാന സര്‍വീസുകളും താത്കാലികമായി റദ്ദ് ചെയ്യുകയോ വൈകുകയോ ചെയ്തുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടി വന്നിട്ടുണ്ട്. യാത്ര മുടങ്ങിയവര്‍ക്ക് പുതിയ ബുക്കിങ്ങിനുള്ള സൗകര്യമേര്‍പ്പെടുത്തുന്നുണ്ട്. പുതുക്കിയ വിശദാംശങ്ങള്‍ www.emirate s.com/MYB എന്ന വിലാസത്തിലോ മറ്റ് ബുക്കിംഗ് കേന്ദ്രങ്ങളിലോ ലഭ്യമാണ്. തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. യു എ ഇയിലെ മറ്റ് വിമാന കമ്പനികളായ ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവയും കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചു. ഇന്നലെ നടത്തേണ്ടിയിരുന്നവയാണ് റദ്ദ് ചെയ്തിരിക്കുന്നത്. എമിറേറ്റിസിന്റെ ഈ കെ 853, ഈ കെ 855, ഇ കെ871, ഇത്തിഹാദ് എയര്‍ലൈനിന്റെ ഇ വൈ 301, ഇ വൈ 305, ഇ വൈ 306, ഇ വൈ 302, ഫ്ളൈ ദുബൈയുടെ എഫ് ഇസഡ് 069, എഫ് ഇസഡ് 055, എഫ് ഇസഡ് 059, എഫ് ഇസഡ്065, എയര്‍ അറേബ്യയുടെ ജി 9121, ജി 9125 എന്നീ സര്‍വീസുകളാണ് റദ്ദ് ചെയ്തവയില്‍ ഉള്‍പെടുന്നത്. എല്ലാ വിമാന കമ്പനികളും ഇന്നലെ നടത്തേണ്ടിയിരുന്ന സര്‍വീസുകളാണ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നത്.

രാജ്യന്തര വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട വീമാനങ്ങള്‍ കനത്ത മഴയും കാഴ്ച പരിധി കുറഞ്ഞത് മൂലം ജി സി സി രാജ്യങ്ങളിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. സഊദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ മനാമ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് വഴി തിരിച്ചു വിട്ടതെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള കാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ വുഗയ്യാന്‍ പറഞ്ഞു.
ശക്തമായ മഴ തുടരുന്നതിനാല്‍ രാജ്യത്തെ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവക്ക് കഴിഞ്ഞ അഞ്ച് ദിവസമായി കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയം അവധി നല്‍കിയിരിക്കുകയാണ്.

ശക്തമായ മഴയിലും കാറ്റിലും പെട്ട് ഒരാള്‍ മരിച്ചതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുവൈത്തിലെ വിവിധ റോഡുകള്‍, പാലങ്ങള്‍, ഭവനങ്ങള്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ വെള്ള പാച്ചിലിനിടെ കുടുംബത്തെ രക്ഷപെടുത്തുന്നതിന് ശ്രമിക്കുന്നതിനിടെയാണ് 30 കാരനായ ഒരാള്‍ ഒഴുക്കില്‍ പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വാഹനാപകടങ്ങളെ തുടര്‍ന്ന് മൂന്ന് സ്വദേശി യുവാക്കളും മരണപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥായില്‍ വ്യതിയാനം സംഭവിക്കുമെന്നും കുവൈത്തു മെട്രോളജി വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.

Latest