Connect with us

Gulf

ഇസ്‌ലാമിക കലാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യു എ ഇ സുപ്രധാന പങ്ക് വഹിക്കും: ശൈഖ് അബ്ദുല്ല

Published

|

Last Updated

അബുദാബി: ഇസ്‌ലാമിക കലാസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ യു എ ഇ സുപ്രധാന പങ്ക് വഹിക്കുമെന്ന് വിദേശ കാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. അബുദാബി ആര്‍ട്‌സ് സെന്ററില്‍ 15-ാമത് എഡിഷന്‍ ബുര്‍ദ അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല. ഇസ്ലാമിക കലാ സംസ്‌കാര രംഗത്ത് ആഗോള തലത്തില്‍ പ്രധാന സ്ഥാനമുള്ള ഒന്നായി ബുര്‍ദ അവാര്‍ഡ് മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ഇസ്‌ലാമിക കലാകാരന്മാരും അവരുടെ സൃഷ്ടികളും ബുര്‍ദ അവാര്‍ഡില്‍ പങ്കെടുത്തു. സഹിഷ്ണുതയേയും സ്‌നേഹത്തേയും അടിസ്ഥാനമാക്കി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ഥ ചിത്രം സഹിഷ്ണുതയേയും സ്‌നേഹത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കലാപരമായ പൈതൃകത്തെ കാത്തുസൂക്ഷിക്കാനും ആഗോള തലത്തില്‍ ഇസ്‌ലാമിക കലയെ പിന്തുണക്കുന്നതിനും പ്രേക്ഷകരുടെ ശ്രദ്ധേയമായ കലാസൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കാനും യു എ ഇ സുപ്രധാനപദവി വഹിക്കുന്നുണ്ടെന്നും ശൈഖ് അബ്ദുല്ല വ്യക്തമാക്കി.

സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി, വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്‌റാഹീം അല്‍ ഹമ്മാദി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സിയൂദി, സാമൂഹിക വികസന മന്ത്രി ഹിസ്സ ബുഹുമൈദ്, സഹ മന്ത്രിമാരായ സാക്കി നുസൈബ, അഹ്മദ് അലി അല്‍ സഈഗ്, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് സയന്റിഫിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഇസിസ് അബ്ദുല്‍ ദഈം തുടങ്ങിയവര്‍ സംബന്ധിച്ചു.
നേരത്തേ ഉദ്ഘാടന ചടങ്ങില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംബന്ധിച്ചു.

Latest