Connect with us

Gulf

ലോക സഹിഷ്ണുതാ ഉച്ചകോടിക്ക് പ്രൗഢ തുടക്കം

Published

|

Last Updated

ദുബൈയില്‍ ലോക സഹിഷ്ണുതാ ഉച്ചകോടി ഉദ്ഘാടന വേദിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍.

ദുബൈ: “ബഹുസ്വരതയെ പുഷ്ടിപ്പെടുത്തുക, വൈവിധ്യങ്ങളെ വികസിപ്പിക്കുക” എന്ന പ്രമേയത്തില്‍ ലോക സഹിഷ്ണുതാ ഉച്ചകോടിക്ക് ദുബൈയില്‍ പ്രൗഢ തുടക്കം.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം ഭരണതലത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതോടനുബന്ധിച്ച് നടന്ന ചര്‍ച്ചാവേദിയില്‍ പ്രബന്ധമവതരിപ്പിച്ചു.
ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള നവീകരിച്ച കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു എ ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നതിനുമാണ് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സഹിഷ്ണുതയും സഹവര്‍ത്തിത്വവും പരിപോഷിപ്പിക്കുന്നതിന് രണ്ട് പ്രധാന സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ശൈഖ് നഹ് യാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. സഹിഷ്ണുത സംബന്ധമായ കാര്യങ്ങള്‍ക്കായി നാഷണല്‍ റിസര്‍ച്ച് പ്രോജക്ടിന് തുടക്കമിടും.

ആഗോളതലത്തില്‍ സഹിഷ്ണുതാ കാര്യങ്ങള്‍ക്കായി ആഗോളതലത്തിലുള്ള അലയന്‍സിന് യു എ ഇ ആരംഭം കുറിക്കുമെന്നും ആദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, നേതാക്കള്‍, വിദഗ്ധര്‍, ചിന്തകര്‍, സാമൂഹ്യ രംഗത്ത് സ്വാധീനം ചെലുത്തുന്നവര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.

Latest