Connect with us

National

ടി എം കൃഷ്ണക്കു കച്ചേരി നടത്താന്‍ പകരം വേദിയൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ചാണക്യ പുരിയിലെ നെഹ്‌റു പാര്‍ക്കില്‍ കച്ചേരി നടത്താന്‍ അവസരം നിഷേധിക്കപ്പെട്ട കര്‍ണാടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണക്കു പകരം വേദിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയിലെ സാകേതില്‍ സൈദുല്‍ അജൈബില്‍ പരിപാടി നടക്കുമെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. കലാകാരന് പ്രകടനത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കലാകാരന്മാരുടെ മാഹാത്മ്യം കാത്തുസൂക്ഷിക്കണമെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ)യും സാംസ്‌കാരിക വേദിയായ സ്പിക്-മാകെയും സംയുക്തമായി നടത്താനിരുന്ന കച്ചേരി ഇന്നലെ മാറ്റിവെച്ചിരുന്നു. നാളെ ഡല്‍ഹിയിലെ ചാണക്യപുരി നെഹ്റു പാര്‍ക്കില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട പരിപാടിയാണ് മാറ്റിയത്. ദേശവിരുദ്ധനും അല്ലാഹു, ജീസസ് എന്നിവരെ കുറിച്ച് ഗാനങ്ങള്‍ ആലപിക്കുന്നയാളാണെന്നും മറ്റും ആരോപിച്ചാണ് കൃഷ്ണക്കെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിനെതിരെ കൃഷ്ണ നേരത്തെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

കൃഷ്ണയെ നഗര നക്സല്‍, മതഭ്രാന്തന്‍, ദേശവിരുദ്ധന്‍ എന്നെല്ലാം ആരോപിച്ചുള്ള പോസ്റ്റുകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി മാറ്റിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. ഇത്തരം ഭീഷണികള്‍ക്കു മുമ്പില്‍ കീഴടങ്ങരുതെന്നും പരിപാടി നടത്താനിരുന്ന ദിവസം തന്നെ ഡല്‍ഹിയില്‍ എവിടെയെങ്കിലും ഒരു വേദി സംഘടിപ്പിച്ചു നല്‍കിയാല്‍ അവിടെ കച്ചേരി നടത്താന്‍ തയ്യാറാണെന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു.

Latest