ജില്ലാ കലക്ടറും എസ്.പിയും ഇന്ന് ബൂട്ടണിയും

Posted on: November 16, 2018 2:09 pm | Last updated: November 16, 2018 at 2:09 pm

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  നടക്കുന്ന ”കാല്‍പന്തിലൂടെ അതിജീവനം’ സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ കലക്ടറും , എസ്.പിയും  ഇരു ടീമുകളിലായി  ഇന്ന് (നവംബര്‍ 16) ഏറ്റുമുട്ടും. കലക്‌ടേഴ്‌സ് -എസ്.പി ഇലവന്‍ എന്നീ ടീമുകളിലായിട്ടാണ് കലക്ടര്‍ അമിത് മീണയും  ജില്ലാ പൊലീസ് മേധാവി എസ്.പ്രദീഷ് കുമാറും മത്സരിക്കുക. മറ്റൊരു മത്സരത്തില്‍ മീഡിയ -വ്യാപാരി വ്യവസായി ഇലവനും മത്സരിക്കും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ സുബ്രതോകപ്പ്‌ജേതാക്കളായ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച് എസ്.ടീമും. മലപ്പുറം എം.എസ്.പി. സ്‌കൂളും ഏറ്റുമുട്ടും. വെട്രന്‍ -ഫയര്‍ഫോഴ്‌സ് ഇലവന്‍ തുടങ്ങിയ ഇരു ടീമുകളും മത്സരത്തിനിറങ്ങും.
വൈകീട്ട് മൂന്നിന് കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം പി.കെ കുഞ്ഞാലികുട്ടി എം.പി  ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ജില്ലാ ഭരണകൂടം, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, വെട്രന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍    ഒരു ഫുട്‌ബോള്‍ മത്സരം നടത്തുന്നത്.