Connect with us

National

ആന്ധ്രയില്‍ പ്രവേശിക്കണമെങ്കില്‍ സി ബി ഐ മുന്‍കൂര്‍ അനുമതി വാങ്ങണം

Published

|

Last Updated

ഹൈദരാബാദ്: സി ബി ഐ ഉദ്യോഗസ്ഥര്‍ക്കു ആന്ധ്രയില്‍ പ്രവേശിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവ്. കേന്ദ്ര അന്വേഷണ ഏജന്‍സിക്കു അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താന്‍ നിലവിലുണ്ടായിരുന്ന അനുമതി പിന്‍വലിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സി ബി ഐക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഏജന്‍സിയുടെ വിശ്വാസ്യത നഷ്ടമാക്കിയതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കു നയിച്ചതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ഇതോടെ ആന്ധ്രയുടെ അധികാര പരിധിക്കുള്ളിലുള്ള കേസുകളില്‍ സി ബി ഐക്ക് ഇടപെടുക പ്രയാസമാകും.

ആന്ധ്രപ്രദേശ് ആന്റി കറപ്ഷന്‍ ബ്യൂറോ (എ സി ബി) ആയിരിക്കും ഇനി റെയ്ഡുകളും മറ്റും നടത്തുക. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ എ സി ബിക്കു അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായി പ്രത്യക്ഷ ഏറ്റുമുട്ടലിന് വഴിതെളിക്കുന്നതാകും പുതിയ നടപടിയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നിയമപരമായി ഇതിന് എത്രമാത്രം സാധുതയുണ്ടെന്ന വിഷയവുമുണ്ട്.

കേസുകളില്‍ അന്വേഷണം നടത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും സി ബി ഐക്ക് അനുമതി നല്‍കിയിട്ടുള്ളതാണ്. ഇതിനു മുന്‍കൂറായി ഏജന്‍സി സംസ്ഥാനത്തിന്റെ അനുമതി തേടാറില്ല.

Latest