മണിക്കൂറുകള്‍ പിന്നിട്ടു; വിമാനത്താവളത്തിന് പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായിയും സംഘവും

Posted on: November 16, 2018 9:29 am | Last updated: November 16, 2018 at 4:32 pm

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ 4.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്.

ബിജെപിയുടെ നേത്യത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. അതേ സമയം ഇവിടെനിന്നും ടാക്‌സികളും സര്‍വീസ് നടത്തുന്നില്ല. മുന്‍പ് ഓട്ടം പോയ ടാക്‌സികള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചുവെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ ആരോപിച്ചു. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയുംസംഘവും വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഇവരെ പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുക്കുന്നു.എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

മൂന്ന് ഡിവൈഎസ്പി മാരുടെ നേത്യത്വത്തില്‍ നൂറിലേറെ പോലീസും അമ്പത് സിഐഎസ്എഫുമാരും തൃപ്തിക്ക് സുരക്ഷക്കായി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് വാഹനത്തില്‍ ത്യപ്തിയേയും സംഘത്തേയും പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇവര്‍ക്കായി എത്തിയ ഓണ്‍ലൈന്‍ ടാക്‌സിയും പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോയി.