കാന്‍സര്‍ റിസര്‍ച്ച്‌സെച്ച്ന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 17ന്

Posted on: November 16, 2018 12:23 am | Last updated: November 16, 2018 at 12:23 am

കാക്കനാട്: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 17ന് രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കുമെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ല കാന്‍സര്‍ നിയന്ത്രണ പരിപാടി, സംയോജിത ഗൃഹ പരിചരണ പരിപാടി, ഡോ.എം.കൃഷ്ണന്‍ നായര്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ മാമ്മോ ഗ്രാം ആന്‍ഡ് മൈക്രോ ടോം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

അര്‍ബുദ രോഗ നിര്‍ണ്ണയവും, അര്‍ബുദ സാക്ഷരതയും ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രിയും യഥാസമയ ചികിത്സയും ലക്ഷ്യമിട്ടാണ് ജില്ലയിലെ സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്. അര്‍ബുദത്തെക്കുറിച്ചുള്ള ബോധവത്കരണപരിപാടികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ രോഗനിര്‍ണയത്തിനു പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനവും ഇതിലുള്‍പ്പെടുന്നു. ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 60 ഡോക്ടര്‍മാര്‍ക്കും ഇതുസംബന്ധിച്ച പരിശീലനം നല്കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഡിസംബറോടെ പരിശീലനം പുര്‍ത്തിയാക്കുമെന്ന് സി.സി.ആര്‍.സി ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു. ഇത്തരത്തില്‍ പരിശീലനം നല്കുന്നത് പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയത്തിന് സഹായിക്കും. രോഗനിര്‍ണയം സ്ഥിരീകരിക്കാനുള്ള ബയോപ്‌സി അടക്കമുള്ള സാങ്കേതിക നടപടികളിലെ പരിശീലനം താലൂക്കുതല ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് നല്കും. രോഗികളെ റഫര്‍ ചെയ്യേണ്ടത് എവിടെയെല്ലാം എന്ന ബോധവത്കരണവും ഡോക്ടര്‍മാര്‍ക്ക് നല്കും. പാലിയേറ്റീവ് കെയര്‍ അടക്കം ചികിത്സാ ശേഷമുള്ള ജാഗ്രതയോടെയുള്ള മേല്‍നോട്ടവും ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കലും സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമാണ്.

രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് സംയോജിത ഗൃഹ പരിചരണ പദ്ധതി. എറണാകുളം പാറപ്പിള്ളി കാരുണ്യ വര്‍ഷം ട്രസ്റ്റ് എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നു.

സ്തനാര്‍ബുദ നിര്‍ണ്ണയത്തിനായി ദശകളെ കനം കുറച്ച് മുറിച്ച് രോഗനിര്‍ണയത്തിന് സഹായിക്കുന്ന ഉപകരണമാണ് മൈക്രോടോം. ഡിജിറ്റല്‍ മാമോഗ്രാമും മൈക്രോ ടോമും സി.പി.നാരായണന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ പെടുത്തിയാണ് സെന്ററില്‍ സ്ഥാപിക്കുന്നത്.

കോണ്‍ഫറന്‍സ്, യോഗങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ നടത്തുന്നതിനായിട്ടാണ് സെമിനാര്‍ ഹാള്‍ സ്ഥാപിക്കുന്നത്. മുവാറ്റുപുഴ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഹാള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നത്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ ആദ്യഡയറക്ടറായ ഡോ എം കൃഷ്ണന്‍ നായരുടെ പേരിലാണ് ഹാള്‍.  സാന്ത്വന പരിചരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും. ചടങ്ങില്‍ വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ അധ്യക്ഷനാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.പി സി.പി.നാരായണന്‍ മുഖ്യാതിഥിയാകും. സി.സി.ആര്‍.സി ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍ .എം.പി പി.രാജീവ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ.കുട്ടപ്പന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി കെ ശ്രീകല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, സിസിആര്‍സി മെഡിക്കല്‍ സൂപ്രണ്ട് പി ജി ബാലഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

നവംബര്‍ 17 ന് രാവിലെ 8.30 മുതല്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് നടത്തും. കാന്‍സര്‍ രോഗപരിരക്ഷയെക്കുറിച്ച് (ഇന്റഗ്രേഷന്‍ ഓഫ് പ്രൈമറി ആന്റ് ടെര്‍ഷ്യറി ക്യാന്‍സര്‍ കെയര്‍ എന്ന വിഷയത്തില്‍) ഗവ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിനു മുന്നോടിയായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും താലൂക്ക് ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ശില്പശാല 16-ന് സിസിആര്‍സി ഓഡിറ്റോറിയത്തില്‍ നടക്കും.