Connect with us

Editorial

ശ്രീലങ്കന്‍ പ്രതിസന്ധി

Published

|

Last Updated

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പുതിയ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെക്കെതിരെ അവിശ്വാസ പ്രമേയം പാര്‍ലിമെന്റില്‍ പാസ്സായെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നതിന് മുമ്പ് സഭ വിളിച്ചു ചേര്‍ത്ത് അവിശ്വാസം ചര്‍ച്ചക്കെടുത്ത സ്പീക്കറുടെ നടപടി അംഗീകരിക്കില്ലെന്നാണ് രജപക്‌സേ പക്ഷത്തിന്റെ വാദം. ജനാധിപത്യ വ്യവസ്ഥിതിക്ക് ഒട്ടും യോജിക്കാത്ത കാര്യങ്ങളാണ് നമ്മുടെ അയല്‍പ്പക്കത്തുള്ള ഈ ദ്വീപ് രാഷ്ട്രത്തില്‍ അരങ്ങേറുന്നത്. തമിഴ്‌വംശജരുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല, ചരിത്രപരമായി ശ്രീലങ്കയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലും ഈ വിഷയങ്ങളില്‍ യുക്തമായ നിലപാടെടുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതാണ്. അതിനര്‍ഥം ഉടനടി ഇടപെടണമെന്നല്ല. മറിച്ച് ഏഷ്യയിലെ പ്രധാന ശക്തിയെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ കൃത്യമായ കാഴ്ചപ്പാട് ഇന്ത്യ രേഖപ്പെടുത്തുകയാണ് വേണ്ടത്. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ ഇതിനകം തന്നെ സമ്മര്‍ദവുമായി രംഗത്ത് വന്നിട്ടുണ്ട്. ശ്രീലങ്കയിലെ പ്രതിസന്ധികളില്‍ ചൈനക്ക് കൈയുണ്ടെന്ന കാര്യം പുറത്ത് വന്നിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലപാടിന് ഏറെ പ്രസക്തിയുണ്ടെന്നതാണ് വസ്തുത.

നിയമപരമായി അധികാരത്തിലുള്ള പ്രധാനമന്ത്രിയെ പ്രസിഡന്റ് തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് പിരിച്ചു വിടുക. മറ്റൊരാളെ പ്രസിഡന്റായി വാഴിക്കുക. ഇദ്ദേഹത്തിനെതിരായ അവിശ്വാസ പ്രമേയം പാര്‍ലിമെന്റില്‍ പാസ്സാകുമെന്ന ഘട്ടമെത്തിയപ്പോള്‍ സഭ തന്നെ പിരിച്ചു വിടുക. ഇങ്ങനെ പോകുന്നു അധികാര വടംവലിയില്‍ നട്ടം തിരിയുന്ന ഈ രാജ്യത്തെ സംഭവവികാസങ്ങള്‍. ഒടുവില്‍ പരമോന്നത കോടതിക്ക് ഇടപെടേണ്ടി വന്നു. പാര്‍ലിമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിരിസേന പാര്‍ലിമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ നടപടികള്‍ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു എന്‍ പി), പ്രധാന പ്രതിപക്ഷമായ ടി എന്‍ എ, ഇടതുപക്ഷ പാര്‍ട്ടിയായ ജെ വി പി തുടങ്ങിയ കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് പാര്‍ലിമെന്റ് പിരിച്ചുവിട്ട നടപടി ഇടക്കാല ഉത്തരവിലൂടെ ഡിസംബര്‍ ഏഴ് വരെ സ്റ്റേ ചെയ്തത്.

റനില്‍ വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ സിരിസേന പ്രധാനമന്ത്രിയാക്കിയതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. യു എന്‍ പിക്കുള്ള പിന്തുണ സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി ഉപേക്ഷിച്ചതിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെയെ പുറത്താക്കിയത്. തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുന്നുവെന്ന് സിരിസേന പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ കഴമ്പില്ലെന്ന നിലപാടാണ് പിരിച്ചു വിടപ്പെട്ട പ്രധാനമന്ത്രി വിക്രമ സിംഗെ സ്വീകരിച്ചത്.

ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രസക്തമാണ്. ഒന്നാമതായി രജപക്‌സേയുടെ നിലപാടുകളും മുന്‍ ചെയ്തികളുമാണ്. സിംഹള ദേശീയതയുടെ വക്താവാണ് താനെന്ന് അദ്ദേഹം പലതവണ തെളിയിച്ചതാണ്. എല്‍ ടി ടി ഇയെ അടിച്ചമര്‍ത്താന്‍ അദ്ദേഹം പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ നടത്തിയ സൈനിക നടപടി മനുഷ്യക്കുരുതിയായി കലാശിച്ചുവെന്ന് യു എന്നിന്റെയടക്കം എല്ലാ സ്വതന്ത്ര അന്വേഷണ സംഘങ്ങളും വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ വസ്തുതാന്വേഷണ സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കാതെയും വിവരങ്ങള്‍ നല്‍കാതെയും പിടിവാശി കാണിക്കുകയാണ് രജപക്‌സെ ചെയ്തത്. രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ സമീപനം തികച്ചും ജനാധിപത്യവിരുദ്ധവും ചരിത്രവിരുദ്ധവുമാണ്. അങ്ങനെയൊരാള്‍ പാര്‍ലിമെന്റിനെ മറികടന്ന് പ്രധാനമന്ത്രിയാകുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

ചൈനയുടെ ഇടപെടലാണ് രണ്ടാമത്തെ വിഷയം. ഏഷ്യയിലെ ചെറുരാജ്യങ്ങളിലെല്ലാം രാഷ്ട്രീയ ഇടപെടല്‍ നടത്തി തങ്ങളുടെ സ്വാധീനവലയത്തില്‍ കൊണ്ടുവരുന്നത് ചൈന ഊര്‍ജിതമാക്കിയിരിക്കുകയാണ്. മാലദ്വീപിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മ്യാന്‍മറിലുമെല്ലാം ഇത് കാണുന്നുണ്ട്. ശ്രീലങ്കയില്‍ രജപക്‌സേയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിലും ചൈനയുടെ പങ്ക് വ്യക്തമാണ്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെക്ക് ഇന്ത്യയുമായി ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. പരമാധികാര രാജ്യങ്ങളുടെ സ്വയം നിര്‍ണയാവകാശത്തില്‍ കൈകടത്തുന്നതിനെയാണല്ലോ സാമ്രാജ്യത്വമെന്ന് വിവക്ഷിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ചൈനയുടെ ഈ നീക്കം മുഴുവന്‍ രാജ്യങ്ങളും ചേര്‍ന്ന് എതിര്‍ക്കേണ്ടതുണ്ട്.

പാര്‍ലിമെന്റില്‍ രജപക്‌സേക്കെതിരായ അവിശ്വാസ പ്രമേയം പാസ്സായതോടെ അദ്ദേഹത്തിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായിരിക്കുന്നു. സഭ പിരിച്ചു വിട്ട നടപടി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരിക്കുന്നു. എന്നുവെച്ചാല്‍ പ്രസിഡന്റ് സിരിസേന എടുത്ത രണ്ട് തീരുമാനങ്ങളും തെറ്റാണെന്ന് തെളിഞ്ഞു. അതുകൊണ്ട് ദുരഭിമാനം വെടിഞ്ഞ് വിക്രമസിംഗെയെ തിരികെ കൊണ്ടുവരാനാണ് സിരിസേന തയ്യാറാകേണ്ടത്. അതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ നേതാക്കളുടെ അധികാര വടംവലിക്ക് ഇടം കൊടുക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.