ശബരിമലയിലേക്ക് ഇലക്ട്രിക് ബസുകള്‍

Posted on: November 15, 2018 11:44 pm | Last updated: November 15, 2018 at 11:44 pm

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ സര്‍വീസാരംഭിച്ചു. നിലക്കല്‍-പമ്പ റൂട്ടില്‍ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സര്‍വീസ് നടത്തുക. ഡീസല്‍ എ.സി ബസുകള്‍ക്ക് 31 രൂപ കിലോമീറ്ററിന് ഡീസല്‍ ചിലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് കേവലം നാലുരൂപ മാത്രമാണ് ചിലവ് വരുന്നത്.
ഒറ്റ ചാര്‍ജില്‍ 250കിലോമീറ്റര്‍ ഓടിക്കുവാനും സാധിക്കും. 33 സീറ്റുകളാണ് ബസിലുള്ളത്. എസി ലോ ഫ്‌ളോര്‍ ബസുകളുടെ അതേ നിരക്കാകും ഈടാക്കുക. നിലയ്ക്കലില്‍ ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും തയാറായി. മണ്ഡലകാലം കഴിഞ്ഞാല്‍ ബസുകള്‍ തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് റൂട്ടുകളില്‍ സര്‍വീസ് നടത്തും. വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്.

സ്വന്തമായി ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക തുടങ്ങിയ വിവിധ ഉദ്ദേശ്യലക്ഷ്യങ്ങളാണ് പോളിസിയിലുള്ളത്. 2020-ഓടെ 3000-ഓളം ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുവാനാണ് ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയിലൂടെ ലക്ഷ്യം വെക്കുന്നത്. 2018 ജൂണില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഏരിയകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് സര്‍വീസുകള്‍ക്ക് ലഭിച്ചത്.