‘ഗജ’ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ സ്ത്രീയടക്കം ആറു മരണം

Posted on: November 15, 2018 10:22 pm | Last updated: November 16, 2018 at 10:50 am

ചെന്നൈ/തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ ആറു മരണം. ശക്തമായ കാറ്റിൽ വീടുതകർന്നുവീണാണ് പുതുക്കോട്ടയിൽ നാലുപേർ മരിച്ചത്. കടലൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. വിരുതാചലത്ത് മതിൽ ഇടിഞ്ഞ് വീണ് സ്ത്രീയും മരിച്ചു.

ആന്‍ഡമാനിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റ്  അര്‍ധരാത്രി 12 മണിയോടെയാണ് തമിഴ്‌നാട് തീരം തൊട്ടത്. കടലൂരിനും പാമ്പനുമടയില്‍ മധ്യേയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. നാഗപട്ടണത്തിന് അടുത്ത് വേദാരണ്യത്ത് ശക്തമായ കാറ്റും ഗൂഡല്ലൂരില്‍ ശക്തമായ മഴയും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ മറ്റ് ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ടൈ, നാഗപ്പട്ടണം, കടലൂര്‍, രാമനാഥപുരം എന്നിവിടങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 30,500 രക്ഷാപ്രവര്‍ത്തകരെയാണ് ഇവിടേക്കായി തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. മേഖലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് കോജളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കരൈക്കലിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. വിവിധ പരീക്ഷകളും മാറ്റി. ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.

ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിനകത്തും മലയോര പ്രദേശങ്ങളിലും കേരള തീരത്തുടനീളവും കന്യാകുമാരി ഭാഗത്തും നാളെ മണിക്കൂറില്‍ 30 മുതല്‍ 40 കി മീ വരെ വേഗതയില്‍ (കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 50 കി മീ വരെ ഉയര്‍ന്നേക്കാം) ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റെന്നാള്‍ തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ശക്തമായ കാറ്റ് തുടരാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.

 

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും, നവംബര്‍ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളും പോലീസ്, ഫയര്‍ ഫോഴ്‌സ്, കെഎസ്ഇബി എന്നിവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശക്തമായ കാറ്റില്‍ മരം വീഴുവാനും, വൈദ്യുതി തടസം നേരിടുവാനും സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി സജ്ജരായിരിക്കുക. പൊതുജനങ്ങള്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാനും ബലഹീനമായ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടില്‍ നിന്ന് മാറി നില്‍ക്കുവാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഗജ ചുഴലിക്കാറ്റ്: സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ്