പ്രവാചകപഠനങ്ങള്‍ക്ക് പുതിയ മുഖവുരകളെഴുതി സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് സമാപനം

Posted on: November 15, 2018 9:55 pm | Last updated: November 15, 2018 at 9:55 pm
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുന്നു

കാസര്‍കോട്: മുത്ത് നബി ജീവിതവും ദര്‍ശനവും എന്ന പ്രമേയത്തില്‍ ആചരിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടപ്പിച്ച സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം. ഈ മാസം മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തെ സമഗ്രമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവലംബിക്കേണ്ട ഗ്രന്ഥങ്ങളെ നിര്‍ണയിച്ചും സീറത്തുന്നബി വിജ്ഞാന ശാഖയുടെ ആഴവും പരപ്പും വിശദീകരിച്ച മുപ്പതോളം പ്രബന്ധങ്ങളാണ് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പ്രവാചകരുടെ ജീവിതം എന്നതിനാല്‍ പ്രവാചക പഠനങ്ങള്‍ക്ക് മുസ്‌ലിം ലോകത്തുള്ള പ്രാധാന്യം സെമിനാര്‍ അടയാളപ്പെടുത്തി. അക്കാദമിക്ക് സെഷന്‍ പി.എ ഫാറൂഖ് നഈമി അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ കീ നോട്ട് അവതരിപ്പിച്ചു. മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ആലമ്പാടി അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡോ: ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, എന്‍.വി അബ്ദുര്‍റസാഖ് സഖാഫി, ഡോ. അബ്ദുല്‍ഗഫൂര്‍ അസ്ഹരി, എം. അബ്ദുല്‍ മജീദ്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ: അബൂബക്കര്‍ നിസാമി, ഡോ: മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.