സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം; കാവി നിറത്തിലുള്ള ഗുണന ചിഹ്നങ്ങള്‍ വരച്ചു

Posted on: November 15, 2018 5:16 pm | Last updated: November 15, 2018 at 7:55 pm

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. ഇദ്ദേഹം അധ്യാപകനായ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചു. വാതിലിന് മുന്നില്‍ കാവി നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണന ചിഹ്നങ്ങളും വരച്ചിട്ടുണ്ട്.

സംഘപരിവാര്‍ ഫാസിസത്തെ തന്റെ പ്രഭാഷണങ്ങളിലടെ കണക്കറ്റ് വിമര്‍ശിക്കുന്ന സുനില്‍ പി ഇളയിടത്തിന് നേരെ അടുത്തിടെ വധ ഭീഷണിയുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഭീഷണി. കണ്ടാലുടന്‍ കല്ലെറിഞ്ഞ് കൊല്ലണമെന്ന ആക്രോശങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സംഘപരിവാര്‍ ആഭിമുഖ്യമുള്ള പേജുകള്‍ നടത്തിവന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.