Connect with us

Kerala

കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ; 'ഗോ സമൃദ്ധി പ്ലസ് 'പദ്ധതിക്ക് തുടക്കം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന “ഗോ സമൃദ്ധി പ്ലസ് “പദ്ധതിക്ക് തുടക്കമായി. സര്‍ക്കാര്‍ സബ്‌സിഡിയോടെ കുറഞ്ഞ പ്രീമിയം നിരക്കില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്ക് പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് കന്നുകാലി വിലയുടെ 2.8%വും മൂന്നു വര്‍ഷത്തേക്ക് 6.54%വും പ്രീമിയം തുക അടച്ചാല്‍ മതി.

ജനറല്‍ വിഭാഗത്തിന് പ്രീമിയം തുകയുടെ 50%വും എസ്.സി/എസ്.ടി വിഭാഗത്തിന് 70%വും സബ്‌സിഡി നല്‍കും. ജനറല്‍ വിഭാഗത്തിന് അന്‍പതിനായിരം രൂപ വിലയുള്ള പശുവിന് ഒരു വര്‍ഷത്തേക്കായി 700 രൂപയും മൂന്നുവര്‍ഷത്തേക്കായി 1635 രൂപയും പ്രീമിയം നല്‍കിയാല്‍ മതി. എസ്.സി/എസ്.ടി വിഭാഗത്തിന് ഇതേ നിരക്കില്‍ യഥാക്രമം 420 രൂപയും 981 രൂപയും പ്രീമിയമായി നല്‍കണം. അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ വിലയുളള പശുവിന് അഡീഷണല്‍ പോളിസി സൗകര്യവുമുണ്ട്.

പദ്ധതി അനുസരിച്ച് കര്‍ഷകനും 2 ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 42 രൂപയും മൂന്ന് വര്‍ഷത്തേക്ക് 114 രൂപയും മാത്രം കര്‍ഷകന്‍ ഇതിനായി നല്‍കിയാല്‍ മതി. മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. സമയബന്ധിതമായി നഷ്ടപരിഹാര തുക (ക്ലെയിം) കര്‍ഷകന്റെ ബേങ്ക് എക്കൗണ്ടിലേക്ക് നല്‍കും. ക്ഷീരകര്‍ഷകരെ പൂര്‍ണമായും “ജിയോ മാപ്പിംഗ് ” ചെയ്യുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സംസ്ഥാന സര്‍ക്കാര്‍ 5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

Latest