ലോക സഹിഷ്ണുതാ സമ്മിറ്റില്‍ കാന്തപുരം പങ്കെടുക്കും

Posted on: November 15, 2018 4:08 pm | Last updated: November 15, 2018 at 4:08 pm

ദുബൈ: ‘ബഹുസ്വരതയെ പുഷ്ടിപ്പെടുത്തുക, വൈവിധ്യങ്ങളെ വികസിപ്പിക്കുക’ എന്ന പ്രമേയത്തില്‍ ഇന്ന് ദുബൈയില്‍ ആരംഭിക്കുന്ന ലോക സഹിഷ്ണുതാ സമ്മിറ്റില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അതിഥിയായി പങ്കെടുക്കും. ദുബൈ ഭരണകൂടം സംഘടിപ്പിക്കുന്ന സമ്മേളനം ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു.എ.ഇ നല്‍കുന്ന സംഭാവനകളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും ലോകത്തെ പ്രതിഭാശാലികളായ വ്യക്തികളുടെ ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള നവീകരിച്ച കാഴ്ചപ്പാടുകള്‍ ശേഖരിക്കാനും ഉദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത് എന്ന് യു.എ.ഇ സാംസ്‌കാരിക വകുപ്പ് മന്ത്രിയും സമ്മേളനത്തിന്റെ ചെയര്‍മാനുമായ ഡോ. ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ പറഞ്ഞു.

ലോകത്തെ ഇരുനൂറു രാഷ്ട്രങ്ങളില്‍ പ്രധാന നേതാക്കളും ചിന്തകരും പങ്കെടുക്കുന്ന സമ്മേളനം ഇന്ന് രാവിലെ യു.എ.ഇ സമയം പത്തു മണിക്ക് ആരംഭിച്ചു. ലോകത്തു സഹിഷ്ണുത അനിവാര്യമായ നമ്മുടെ കാലത്ത്, സമാധാനവും ശാന്തിയും ഉറപ്പിക്കുവാനും പരസ്പര സഹവര്‍ത്തിത്വം ദൃഢമാക്കാനുമായി യു.എ.ഇ നടത്തുന്ന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ക്ഷണം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും സഹവര്‍ത്തിത്വത്തിന്റെ ഇസ്‌ലാമിക മാതൃകകളെയും ഇന്ത്യന്‍ പാരമ്പര്യത്തെയും കുറിച്ച് സമ്മിറ്റില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ വൈകീട്ടോടെ സമ്മിറ്റ് സമാപിക്കും. ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍, യു.എ.ഇ പ്രധാന നഗരങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, അന്താരാഷ്ട്ര സാംസ്‌കാരിക മത സംഘടനകള്‍, റിസേര്‍ച് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധ്യത്തോടെയാണ് ദുബായ് സാംസ്‌കാരിക വകുപ്പ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.