മധ്യപ്രദേശില്‍ 53 വിമതരെ ബി ജെ പി പുറത്താക്കി

Posted on: November 15, 2018 1:10 pm | Last updated: November 15, 2018 at 4:32 pm

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭീഷണിയായ ഉയര്‍ന്ന നേതാവ് സര്‍താജ് സിംഗ് ഉള്‍പ്പടെയുള്ള 53 വിമത നേതാക്കളെ ബി ജെ പി പുറത്താക്കി. അച്ചടക്ക രാഹിത്യം ആരോപിച്ചാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

മുന്‍ മന്ത്രി രാംകൃഷ്ണ കുസ്മരിയ, ഭിന്ദ് എം എല്‍ എ. നരേന്ദ്ര കുശ്വാഹ, ഗ്വാളിയോര്‍ മുന്‍ മേയര്‍ സമീക്ഷ ഗുപ്ത എന്നിവരും നടപടിക്കു വിധേയരായവരില്‍ ഉള്‍പ്പെടും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരിക്കെയാണ് വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഇത്രയും പേരെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സിയോനി-മല്‍വ നിയോജക മണ്ഡലത്തില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍താജ് സിംഗ് കഴിഞ്ഞാഴ്ച പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഉടന്‍ തന്നെ ഹോഷംഗബാദ് സീറ്റിലെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു. അതേസമയം, സ്വതന്ത്രരായി മത്സരിക്കാനാണ് കുസ്മരിയയുടെയും സമീക്ഷയുടെയും തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസംതൃപ്തി മൂലം ബി ജെ പിയിലും കോണ്‍ഗ്രസിലും വിമത ശല്യം രൂക്ഷമാണ്. 24ഓളം സീറ്റുകളിലാണ് ബി ജെ പി വിമത ഭീഷണി നേരിടുന്നത്. 12 സീറ്റുകളില്‍ കോണ്‍. വിമതരും മത്സരിക്കുന്നുണ്ട്. നവം: 28നാണ് 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.