Connect with us

Editorial

മത്സ്യബന്ധനം ജനകീയമാക്കാന്‍

Published

|

Last Updated

മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ആഴക്കടല്‍ മത്സ്യബന്ധനം കൂടുതല്‍ ജനകീയമാക്കുന്നതിനുമുള്ള തീരുമാനങ്ങളുമായാണ് കഴിഞ്ഞ വാരത്തില്‍ കൊച്ചിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം സമാപിച്ചത്. ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) നിര്‍ദേശിച്ച മിനിമം ലീഗല്‍ സൈസ് (പിടിക്കുന്ന മീനുകളുടെ നിയമപരമായ ഏറ്റവും കുറഞ്ഞ വലുപ്പം) നിയന്ത്രണം എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്നാണ് യോഗത്തിന്റെ ഒരു പ്രഖ്യാപനം. അനിയന്ത്രിതമായ രീതിയില്‍ ചെറുമീനുകളെ പിടിക്കുന്നത് മത്സ്യത്തിന്റെ മൊത്ത ലഭ്യതയെയും ഉത്പാദനത്തെയും വംശവര്‍ധനവിനെയും പ്രജനനത്തെയും താളം തെറ്റിക്കുന്നതായി സി എം എഫ് ആര്‍ ഐ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തിന് മാത്രം ഇതുമൂലം കഴിഞ്ഞ വര്‍ഷം 221 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

ചെറുമീനുകളെ പിടിക്കരുതെന്നും വലയില്‍ കുടുങ്ങുന്ന ഇത്തരം മീനുകളെ കടലില്‍ തന്നെ വിടണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നേരത്തെ തന്നെ ധാരണയുണ്ട്. ഇതനുസരിച്ച് വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളും അവയെ കടലിലേക്ക് തന്നെ വിടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, ചിലര്‍ ധാരണ കാറ്റില്‍ പറത്തി ഇവയെ പിടിച്ചു വില്‍ക്കാറുണ്ട്. നത്തല്‍ പിടിക്കുന്ന 12 പോയിന്റ് വല ഉപയോഗിച്ചാണ് മത്തി, അയല കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുന്നത്. കോഴിത്തീറ്റക്കും കാലിത്തീറ്റക്കും മീനെണ്ണക്കും മറ്റുമായി ഇത്തരം മത്സ്യങ്ങളെ മംഗലാപുരത്തെ ചില കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. പൊടിച്ചു വളമായും ഇവ ഉപയോഗിക്കുന്നുണ്ട്. മംഗലാപുരത്ത് മാത്രം ഇത്തരം നാല് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ഇത് തടയാനായി കേരളം ഇതിനകം തന്നെ 58 ഇനം മത്സ്യങ്ങളില്‍ സി എം എഫ് ആര്‍ഐ നിര്‍ദേശിച്ച മിനിമം ലീഗല്‍ സൈസ് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഇത് മറ്റു സംസ്ഥാനങ്ങളും പിന്തുടരാനാണ് സമ്മേളന തീരുമാനം.

ആഴക്കടലില്‍ തദ്ദേശീയ മത്സ്യബന്ധനം വര്‍ധിപ്പിക്കണമെന്നാണ് യോഗത്തിന്റെ മറ്റൊരു നിര്‍ദേശം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നും മറ്റും തീരക്കടലില്‍ മത്സ്യസമ്പത്ത് ആശങ്കയുളവാക്കും വിധം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പകലന്തിയോളം കടലില്‍ വലയെറിഞ്ഞിട്ടും വെറും കൈയോടെ തിരിച്ചു വരുന്നവര്‍ ഇന്ന് സ്ഥിരം കാഴ്ചയായിട്ടുണ്ട്. ആഴക്കടലിലെ മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നതിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുകയാണ് ഇതിനൊരു പരിഹാരം. ഇതോടൊപ്പം പിടിച്ചെടുത്ത മത്സ്യങ്ങളെ മൂല്യശോഷണം കൂടാതെ കരക്കെത്തിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുകയും ആഴക്കടലില്‍ വന്‍കിട കപ്പലുകള്‍ മത്സ്യസമ്പത്ത് ഊറ്റിയെടുക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യേണ്ടതുമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് മത്സ്യബന്ധനത്തിനുള്ള സമുദ്ര ദൂരപരിധി ഉയര്‍ത്തുകയും വേണം. അവകാശ പരിധി 36 നോട്ടിക്കല്‍ മൈല്‍ ആയി ഉയര്‍ത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ലോകത്ത് ഏറ്റവുമധികം മത്സ്യം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2014-15ല്‍ രാജ്യം 550 കോടി ഡോളര്‍ വരുമാനമാണ് ഈയിനത്തില്‍ നേടിയത്. ഇന്ത്യയില്‍ 30 ലക്ഷം പേര്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍ 110 ലക്ഷം പേര്‍ അനുബന്ധ മത്സ്യത്തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്. കേരളത്തെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തിക്കുന്ന മേഖലയാണ് മത്സ്യബന്ധനം. പിടിച്ചെടുക്കുന്ന മീനുകളില്‍ നൂറ് ശതമാനവും വില്‍പ്പന നടത്തുന്ന സ്ഥലം കൂടിയാണ് കേരളം. ഇന്ത്യയുടെ മൊത്തം തീരദേശ മേഖലയില്‍ നിന്ന് 7.5 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍, ഇന്ത്യയുടെ മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 17 ശതമാനത്തിലധികവും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് വന്‍കുതിച്ചുചാട്ടമാണ് മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വ്യവസായത്തിനുണ്ടായത്. ഈ കുതിച്ചുചാട്ടം സാധാരണ തൊഴിലാളികളുടെ ജീവിതത്തില്‍ പ്രകടമാകുന്നില്ല. ശാസ്ത്രീയമായ മത്സ്യബന്ധനം പരിശീലിപ്പിക്കുന്നതിലൂടെ അവരുടെ സാമ്പത്തിക സ്ഥിതിയും മത്സ്യമേഖലയിലെ വരുമാനവും മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനം വിപുലവും ജനകീയവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളോട് കേന്ദ്ര സര്‍ക്കാറുകളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ അത് വിജയിക്കുകയുള്ളൂ. 1997ലെ മൂരാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ഇക്കാര്യത്തില്‍ പ്രഥമമായും വേണ്ടത്. ഇന്ത്യന്‍ കടലില്‍ നിന്ന് വിദേശ കപ്പലുകളെ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധന സാങ്കേതിക വിദ്യ പരിശീലിപ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍. ഇതടക്കം കമ്മീഷന്‍ മുന്നോട്ട് വെച്ച 21 നിര്‍ദേശങ്ങളില്‍ ഒന്നു പോലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. മത്സ്യമേഖലയിലെ അനന്തസാധ്യതകളെ വികസന രംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് സ്വതന്ത്രപദവിയുള്ള ഒരു ഫിഷറീസ് മന്ത്രാലയം സഹായകമാകുമെന്നും സമ്മേളനം വിലയിരുത്തുകയുണ്ടായി. മത്സ്യമേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണിത്. കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ കന്നുകാലി, കോഴിവളര്‍ത്തല്‍, ക്ഷീരവികസനം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഒരു സഹമന്ത്രിയാണ് ഇപ്പോള്‍ മത്സ്യവകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഇത് ഈ മേഖലക്ക് തീര്‍ത്തും അപര്യാപ്തമാണ്. സമ്മേളനം മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കൂട്ടായ സമ്മര്‍ദമാണ് ഇനി ആവശ്യം.

---- facebook comment plugin here -----

Latest