ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ലീബര്‍മാന്‍ രാജിവെച്ചു

Posted on: November 14, 2018 10:20 pm | Last updated: November 14, 2018 at 10:20 pm

ജറൂസലം: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാറില്‍ നിന്ന് പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ രാജിവെച്ചു. ഈ നീക്കം ഭീകരവാദത്തിന് കീഴ്‌പ്പെടുന്ന നടപടിയായെന്നും ഇതില്‍ ഏറെ പ്രതിഷേധമുണ്ടെന്നും യിസ്‌റാഈല്‍ ബെയ്ത്യൂനി പാര്‍ട്ടിയുടെ നേതാവ് കൂടിയായ ലീബര്‍മാന്‍ അറിയിച്ചു. ഹമാസുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള നീക്കങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തു.

വ്യത്യസ്തമായ അഭിപ്രായമുള്ളപ്പോള്‍ തന്നെ സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാന്‍ വളരെ നിര്‍ണായകമായ രണ്ട് തടസ്സങ്ങളാണ് തനിക്ക് മുമ്പിലുള്ളത്.
ഒന്ന്, ഖത്വറില്‍ നിന്ന് സ്യൂട്ട് കേസുകളില്‍ 15 മില്യന്‍ ഡോളര്‍ ഗാസയിലേക്കെത്തിയിട്ടുണ്ട്. അതിര്‍ത്തി കടന്നാല്‍ ഈ പണത്തിനെന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രണ്ടാമത്തെ കാര്യം, വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ടതാണ്. ഇതിനുള്ള ന്യായങ്ങളെല്ലാം തനിക്കറിയാം. പക്ഷേ, താനെങ്ങിനെ ഹമാസിന്റെ ആക്രമണ പരിധിയിലുള്ള ജനങ്ങളുടെ മുഖത്ത് നോക്കുമെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ പത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഇസ്‌റാഈല്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തെ തുടര്‍ന്നാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.
ഇന്നലെ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടുണ്ട്. ഇസ്‌റാഈലിലെ സ്‌കൂളുകളും കോളജുകളും വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ തുറന്നുപ്രവര്‍ത്തിച്ചു. ഫലസ്തീനില്‍ നിന്നുള്ള റോക്കറ്റാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഇസ്‌റാഈലുകാര്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പ്രതിഷേധത്തിലേര്‍പ്പെടുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഗസ്സയില്‍ നൂറുക്കണക്കിന് ആളുകള്‍ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങി. ഇത് ഇസ്‌റാഈലിനെതിരെ ഹമാസിന്റെ വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.