കശ്മീര്‍ വേണ്ട; പാക്കിസ്ഥാന് സ്വന്തം പ്രവിശ്യകളെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല- അഫ്രീദി

Posted on: November 14, 2018 5:25 pm | Last updated: November 14, 2018 at 7:53 pm

ലണ്ടന്‍: പാക്കിസ്ഥാന് കശ്മീരിന്റെ ആവശ്യമില്ലെന്നും രാജ്യത്തിന് നിലവില്‍ അതിന്റെ നാലു പ്രവിശ്യകളെ തന്നെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചു സംസാരിക്കവെയാണ് പാക്കിസ്ഥാനില്‍ വിവാദത്തിനു തിരികൊളുത്താന്‍ സാധ്യതയുള്ള പരാമര്‍ങ്ങള്‍ അഫ്രീദി നടത്തിയത്.

പാക്കിസ്ഥാന് കശ്മീര്‍ വേണ്ട. അത് ഇന്ത്യക്കു കൊടുക്കേണ്ടതുമില്ല. കശ്മീരിനെ സ്വതന്ത്രമാകാന്‍ അനുവദിക്കണം. അങ്ങനെ ചെയ്താല്‍ മനുഷ്യത്വമെങ്കിലും നിലനില്‍ക്കും. ഏത് സമുദായത്തിലുള്ളവര്‍ കൊല്ലപ്പെട്ടാലും അത് വേദനാജനകമാണ്. ഇന്‍സാനിയത്ത് (മനുഷ്യത്വം) തന്നെയാണ് വലുത്- അഫ്രീദി പറഞ്ഞു.
ഭീതിദവും വിഷമകരവുമാണ് കശ്മീരിലെ സ്ഥിതിയെന്നും വിഷയത്തില്‍ യു എന്‍ ഇടപെടണമെന്നും ഏപ്രിലില്‍ സാമൂഹിക മാധ്യമത്തില്‍ നല്‍കിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാക് ക്രിക്കറ്റര്‍മാര്‍ക്ക് കശ്മീരില്‍ നിരവധി ആരാധകരുണ്ടെന്ന് 2016ല്‍ അഫ്രീദി സൂചിപ്പിക്കുകയുണ്ടായി.

സ്വന്തം മണ്ണിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായും സെപ്തം: 11ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പോലുള്ളവര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ അനുമതി നല്‍കുകയാണെന്നും അഫ്രീദിയുടെ കുറിപ്പിനു കീഴെ പലരും പ്രതികരിച്ചു. പാക്കിസ്ഥാനില്‍ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഭീകരവാദ നിരീക്ഷണ പട്ടികയില്‍ ഹാഫിസ് സയീദിന്റെ ഭീകര സംഘടനയുടെ പേരില്ലെന്ന് നേരത്തെ മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിച്ചിരുന്നു.