യു എന്‍ അലയന്‍സ് സമ്മേളനത്തില്‍ ഖലീല്‍ തങ്ങള്‍ പങ്കെടുക്കും

Posted on: November 14, 2018 4:21 pm | Last updated: November 14, 2018 at 4:21 pm

മലപ്പുറം: ഐക്യരാഷ്ട്ര സഭക്കു കീഴിലെ ഗ്ലോബല്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിക്കും. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് ഈ മാസം 19- 20 തീയതികളില്‍ നടക്കുന്ന എട്ടാമത് ഗ്ലോബല്‍ ഫോറത്തിലാണ് ഖലീല്‍ തങ്ങള്‍ സംബന്ധിക്കുക.

സമാധാന പാലനത്തിനുള്ള പങ്കാളിത്തം എന്ന വിഷയത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മേല്‍നോട്ടത്തിലാണ് ദ്വിദ്വിന സമ്മേളനം നടക്കുന്നത്. യു എന്‍ സെക്രട്ടറി ജനറല്‍ 19ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ അഞ്ച് പ്രധാന സെഷനുകളാണുള്ളത്. 20ന് യു എന്‍ അലയന്‍സ് പ്രഖ്യാപനത്തോടെ സമാപിക്കും. മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രിപ്പറെറ്റ്‌റി കോണ്‍ഫറന്‍സ് 18ന് ന്യൂ ജേഴ്‌സിയില്‍ നടക്കും. റബീഉല്‍ അവ്വല്‍ 12നോടനുബന്ധിച്ച് 19ന് ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തില്‍ ഖലീല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.