Connect with us

Kerala

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബറില്‍

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതായി എം കെ രാഘവന്‍ എം പി. നേരത്തെ ആഗസ്റ്റ് ഒമ്പതിന് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഡി ജി സി എ നല്‍കിയിരുന്നു. 2019 മാര്‍ച്ച് വരെ, കോഴിക്കോടിന് പകരം ലഭിച്ച ഡെസ്റ്റിനേഷനായ തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് താത്കാലികമായി തുടരാന്‍ അനുവാദം നല്‍കി. തിരുവനന്തപുരം നിലനിര്‍ത്തി കരിപ്പൂര്‍ സര്‍വീസ് ആരംഭിക്കാനാണ് സഊദി എയര്‍ലൈന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അതിന് വ്യോമയാന വകുപ്പ് പച്ചക്കൊടി കാണിക്കാതിരുന്നതിനാലാണ് മാര്‍ച്ച് വരെ തിരുവനന്തപുരം സര്‍വീസ് തുടരാന്‍ സഊദി അപേക്ഷ നല്‍കിയത്. ഇത് കാരണമാണ് മൂന്ന് മാസമായിട്ടും സര്‍വീസ് തുടങ്ങാതിരുന്നത്.

സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ചുള്ള സഊദിയ വിമാനക്കമ്പനിയുടെ പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. അനുമതി നല്‍കി മൂന്ന് മാസമായിട്ടും സര്‍വീസ് ആരംഭിക്കാത്തതിനെ കുറിച്ച് കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഒക്‌ടോബര്‍ 31ന് സഊദി എയര്‍ലൈനിന് കത്തയച്ചിരുന്നു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബശീറും നിവേദനം നല്‍കുകയുണ്ടായി.
അതേസമയം, സഊദി സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

18 ലക്ഷത്തോളം വരുന്ന കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികളില്‍ ആറ് ലക്ഷം പേരും സഊദിയിലാണ്. അതില്‍ മൂന്ന് ലക്ഷം പേരും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. ഈ തീരുമാനം ഇവര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് എം പി പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും നടപടിക്രമങ്ങള്‍ അവസാനിക്കുന്ന മുറക്ക് എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും. ഇതുസംബന്ധിച്ച് അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എം പി പറഞ്ഞു.