റഫേല്‍: പൊതു താത്പര്യ ഹരജികള്‍ വിധി പറയാന്‍ മാറ്റി

Posted on: November 14, 2018 1:33 pm | Last updated: November 14, 2018 at 6:49 pm

ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാടില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന പൊതു താത്പര്യ ഹരജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ഫ്രാന്‍സില്‍ നിന്ന് 36 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച 14 പേജ് വരുന്ന രേഖയുടെ പകര്‍പ്പ് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഹരജിക്കാര്‍ക്ക് കൈമാറിയിരുന്നു.

നാലുമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയില്‍ നടന്നത്. കോടതി നിര്‍ദേശ പ്രകാരം എത്തിയ എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തില്‍ നിന്ന് കോടതി വിശദാംശങ്ങള്‍ തേടി. ഏത് തരത്തിലുള്ള സാങ്കേതികതയാണ് ഉപയോഗിക്കുന്നത്, അതിന്റെ ആവശ്യകതയുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. പ്രതിരോധ മേഖലക്ക് കരാര്‍ അത്യാവശ്യമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കരാറിലേര്‍പ്പെട്ടത്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്ന കാര്യത്തില്‍ നയം മാറ്റിയതെന്തിനാണെന്ന ചോദ്യത്തിന് ആവശ്യകതക്കനുസരിച്ച് അങ്ങനെ ചെയ്യാറുണ്ടെന്നും എന്നാല്‍ റഫേല്‍ കരാറില്‍ കാര്യമായ നയംമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ മറുപടി നല്‍കി. അതേസമയം കരാറിന് ഫ്രഞ്ച് സര്‍ക്കാറിന്റെ ഗ്യാരണ്ടിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

നേരത്തെ, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള വാദങ്ങള്‍ക്കായി എഴുന്നേറ്റപ്പോള്‍ തന്നെ വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്.

ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം എല്‍ ശര്‍മ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പൊതു താത്പര്യ ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.