ഡിസംബറോടെ സഊദി എയര്‍ലൈന്‍സ് ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് തുടങ്ങും

Posted on: November 13, 2018 12:28 pm | Last updated: November 13, 2018 at 3:21 pm
ജിദ്ദ: വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് സഊദി എയര്‍ലൈന്‍സ് ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും കരിപ്പൂരിലേക്ക് സര്‍വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങി. തിരുവനന്തപുരം സര്‍വീസ് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഈ സര്‍വീസും തുടങ്ങുക. ഡിസംബര്‍ മധ്യത്തോടെ ആഴ്ചയില്‍ ഏഴ് വീതം സര്‍വീസുകളാണ് ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും തുടങ്ങാനിരിക്കുന്നത്.
ഷെഡ്യുളുകള്‍ ഈ ആഴ്ച തന്നെ പ്രസിദ്ധപ്പെടുത്തും.അതേസമയം വ്യോമയാന മന്ത്രാലയം പ്രത്യേക അനുമതി നൽകിയതിനാൽ തിരുവനന്തപുരം സർവീസ് മാർച്ച് മാസം വരേ തുടരാനും തീരുമാനിച്ചു.കരിപ്പൂരിൽ സഊദി ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള സ്ഥലം എയർപോർട്ട് അതോറിറ്റി അനുവദിച്ചു നൽകിയിട്ടുണ്ട്. ഗ്രൗണ്ട് ഹാന്റ്ലിംഗ് വർക്കുകളും സഊദികോഴിക്കോട്ട് പൂർത്തിയാക്കിക്കഴിഞ്ഞു.
മൂന്നു മാസം മുമ്പു തന്നെ കരിപ്പൂർ സർവീസിന് ഡിജിസിഎ അനുമതി നൽകിയിരുന്നുവെങ്കിലും, തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഒരുമിച്ച് സർവീസ് നടത്താനുള്ള അനുമതിക്കായി സഊദി
അപേക്ഷ നൽകിയതാണ് കാര്യങ്ങൾ ഇത്രത്തോളം വൈകുന്ന അവസ്ഥ ഉണ്ടായത്.