നന്ദി, പ്രവീണ്‍ ജയിന്‍

അറസ്റ്റ് നടത്തിയിട്ടില്ല എന്നു തെളിയിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പി എ സി നേരത്തേ തന്നെ നടത്തിയിരുന്നു. പക്ഷേ ഹാശിംപുരയില്‍ നിന്ന് പി എ സിക്കാര്‍ ഇരകളെ പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രവീണ്‍ ജയിന്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞുനിന്ന് പകര്‍ത്തി. ആ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രവീണ്‍ ജെയിന്‍ കേസിലെ നിര്‍ണായക സാക്ഷിയായി മാറി. കോടതിയില്‍ അന്നത്തെ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുടെ പ്രിന്റുകള്‍ മാത്രം ഹാജരാക്കിയ പ്രോസിക്യൂഷന്‍ അടിസ്ഥാന തൊണ്ടിയായ നെഗറ്റീവ് പക്ഷേ വിട്ടുകളഞ്ഞു. പക്ഷേ പ്രോസിക്യൂഷനെ ഞെട്ടിച്ച് ആ നെഗറ്റീവുകള്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്കു ശേഷം ഇരകള്‍ക്ക് വേണ്ടി ഹാജരാക്കിയത് പ്രവീണ്‍ ആയിരുന്നു.
Posted on: November 13, 2018 6:02 am | Last updated: November 12, 2018 at 10:29 pm

‘രാത്രി 10.30 കഴിഞ്ഞുകാണും. അപ്പോഴാണ് നടുക്കുന്ന ആ വാര്‍ത്ത വന്നത്. ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജില്ലാ മജിസ്‌ട്രേറ്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൂടെ ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയിലെ മകന്‍പൂര്‍ ഗ്രാമത്തിലെ ഹിന്ദന്‍ കനാലില്‍ നേരിട്ടുപോയപ്പോള്‍ മാത്രമാണ് ഞാന്‍ കേട്ടത് ശരിയാണെന്ന് വിശ്വസിച്ചത്. മതേതര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കൊലപാതകമായിരുന്നു അത്. സംഭവം നടന്ന രാത്രി ഞാന്‍ ഗാസിയാബാദ് ജില്ലയുടെ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയായിരുന്നു. സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനും ഞാനായിരുന്നു. ഈ സംഭവത്തിന് ശേഷം എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. വര്‍ഷങ്ങളോളം അതെന്നെ വേട്ടയാടി.’
വിഭൂതി നാരായണ്‍ റായ് എഴുതിയ ‘ഹാശിംപുര, മെയ് 22’ എന്ന പുസ്തകത്തില്‍ നിന്ന്.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകമായിരുന്നു 1987ലെ ഹാശിംപുര കൂട്ടക്കൊല. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്തവരില്‍ 50ഓളം മുസ്‌ലിം യുവാക്കളെ ട്രക്കില്‍ കയറ്റി മകന്‍പൂര്‍ ഗ്രാമത്തില്‍ കൊണ്ടുപോയി വെടിവെച്ച് കനാലില്‍ തള്ളുകയായിരുന്നു. വര്‍ഗീയതക്ക് കുപ്രസിദ്ധി നേടിയ ഉത്തര്‍പ്രദേശിലെ സായുധ പോലീസ് വിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി എ സി) മുസ്‌ലിംകളെ വളഞ്ഞുപിടിച്ച് ഒരു ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ കനാലിലും ഹിന്ദന നദിയിലുമായി തള്ളി. അഞ്ചു പേര്‍ മാത്രം ജീവനോടെ അവശേഷിച്ചു. കൊല്ലപ്പെട്ടെന്ന് പോലീസ് കരുതിയ അഞ്ച് പേരായിരുന്നു അവര്‍. കൊല്ലപ്പെട്ടുവെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. അവശേഷിച്ച മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. കലാപത്തില്‍ പങ്കെടുത്തിട്ടില്ലാത്ത നിരപരാധികളായ 45 മുസ്‌ലിംകളാണ് പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ബാബരി മസ്ജിദ് കോംമ്പൗണ്ടിനുള്ളില്‍ പൂജ നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചകാലത്താണ് ഹാശിംപുര സംഭവം നടക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയും തയ്യാറെടുപ്പോടെയും നടപ്പിലാക്കിയ കൂട്ടക്കൊലയായിരുന്നു അത്. സര്‍ക്കാറിന്റെയും പോലീസിന്റെയും ഒത്താശയോടെ നടന്ന കസ്റ്റഡി കൂട്ടക്കൊല. 1987 മെയ് മാസം മീററ്റിലുണ്ടായ കലാപത്തെ തുടര്‍ന്ന് പി എ സിയുടെ 41-ാം ബറ്റാലിയന്റെ ‘സി’ കമ്പനിയെ ഹാശിംപുരയില്‍ വിന്യസിച്ചിരുന്നു. മെയ് 21ന് ഒരു ആര്‍മി മേജറുടെ സഹോദരന്‍ കലാപത്തില്‍ കൊല്ലപ്പെടുകയും രണ്ട് പി എ സി പോലീസുകാരുടെ തോക്കുകള്‍ കലാപകാരികള്‍ കൊള്ളയടിക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസ് 644 മുസ്‌ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ഹാശിംപുരയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് മുതിര്‍ന്നവരെയും കുട്ടികളെയും ഒരു സംഘമായും യുവാക്കളെ മറ്റൊരു സംഘമായും മാറ്റിനിര്‍ത്തി. പി എ സിയുടെ പോലീസ് ട്രക്കുകളില്‍ അവരെ മീററ്റിലെ പോലീസ് ലൈനിലേക്ക് കൊണ്ടുപോകാനാണ് ഇങ്ങനെ ചെയ്തത്. അവരില്‍ നിന്നാണ് 50 പേരെ പ്രത്യേകം ഒരു ട്രക്കില്‍ കൊണ്ടുപോയി പി എ സി ക്രൂരമായി വെടിവെച്ചുകൊന്നത്. 1987ല്‍ നടന്ന കൂട്ടക്കൊലയുടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒമ്പത് വര്‍ഷമെടുത്തു. 1996-ല്‍ സി ബി സി ഐ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പി എ സി പോലീസുകാരായിരുന്നു പ്രതികള്‍.

പിന്നീട് 2002ലും 2007ലും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് വിചാരണ ഉത്തര്‍ പ്രദേശിന് പുറത്ത് ഡല്‍ഹിയിലേക്ക് മാറ്റി. വിചാരണ കാലത്തിനിടയില്‍ പ്രതികളായ മൂന്ന് പോലീസുകാര്‍ മരിച്ചു. എട്ട് വര്‍ഷം പിന്നെയും വിചാരണ തുടര്‍ന്നു. വിചാരണ പൂര്‍ത്തിയാക്കി 2015 മെയ് 23ന് വിധി വന്നപ്പോള്‍ എല്ലാ പ്രതികളും കുറ്റവിമുക്തരായിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളായ മുഴുവന്‍ പോലീസുകാരെയും വെറുതെവിട്ടു. ഹാശിംപുര ഇരകള്‍ക്ക് പൂര്‍ണമായും നീതി നിഷേധിച്ചുകൊണ്ടായിരുന്നു പ്രസ്തുത വിധി. അപ്പോഴേക്കും 28 വര്‍ഷം കഴിഞ്ഞിരുന്നു. ആ വിധിക്കെതിരെ രണ്ട് ഇരകള്‍ മലയാളിയായ മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. വൃന്ദ ഗ്രോവര്‍ എന്നിവരുടെ പിന്തുണയോടെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ ഹാശിംപുര കൂട്ടക്കൊല നടത്തിയ ഉത്തര്‍പ്രദേശ് സായുധസേനാവിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി (പി എ സി)യിലെ അംഗങ്ങളായിരുന്ന 16 പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
നേരത്തേ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ വിധി. മനുഷ്യാവകാശ കമ്മീഷന്‍, കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നാസര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്. നിരായുധരായ ആളുകളെ ആസൂത്രിതമായി നിര്‍ദയം വെടിെവച്ച് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയാണ് 31 വര്‍ഷം പഴക്കമുള്ള കേസില്‍ കോടതി വിധി പ്രസ്താവിച്ചത്. പ്രതികളെല്ലാം സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്. ഇവര്‍ നവംബര്‍ 19ന് മുമ്പ് കീഴടങ്ങണം. സേനാംഗങ്ങളായിരുന്ന സുരേഷ് ചന്ദ് ശര്‍മ, നിരഞ്ജന്‍ ലാല്‍, കമല്‍ സിംഗ്, ബുദ്ധിസിംഗ്, ബസന്ത് ഭല്ലഭ്, കുന്‍വാര്‍ പാല്‍ സിംഗ്, ബുദ്ധ സിംഗ്, രണ്‍ബീര്‍ സിംഗ്, ലീലാ ധര്‍, ഹംബീര്‍ സിംഗ്, സൊക്കം സിംഗ്, ശമി ഹുലാഹ, സരവണ്‍ കുമാര്‍, ജൈപാല്‍ സിംഗ്, മഹേഷ് പ്രസാദ്, രാംധയാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

ഹാശിംപുര കൊലപാതകം എത്രമേല്‍ ക്രൂരമായിരുന്നു എന്ന് പ്രസ്തുത സംഭവം നടന്ന സമയത്ത് പോലീസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായ് വിശദമായി എഴുതിയിട്ടുണ്ട്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച അദ്ദഹത്തിന്റെ ഓര്‍മക്കുറിപ്പില്‍ ഇങ്ങനെ വായിക്കാം: ‘കലാപത്തിനിടയിലാണെങ്കിലും പട്ടാപ്പകലാണ് ഈ കൊടുംക്രൂരത നടന്നത്. പകല്‍വെളിച്ചത്തിലാണ് പി എ സി പോലീസുകാര്‍ ഹാശിംപുരയിലെത്തിയത്. 500 ഗ്രാമീണരെ അണിനിരത്തി. അതില്‍ നിന്ന് 50 പേരെ പ്രത്യേകം മാറ്റിനിര്‍ത്തി. അവര്‍ എല്ലാവരും മുസ്‌ലിംകളായിരുന്നു. റമസാന്‍ മാസം നോമ്പെടുത്തവര്‍. നേരത്തേ ആസൂത്രണം ചെയ്തത് കൊണ്ടാകണം, പോലീസുകാരുടെ ശരീരഭാഷയിലോ ആക്ഷനിലോ ഒരു താളപ്പിഴവും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുത്തവരെ പോലീസ് ട്രക്കില്‍ കയറ്റി. കനാലിനടുത്തെത്തിയപ്പോള്‍ ഓരോ ആളെയും പുറത്തിറക്കി. ഓരോരുത്തരെയും വെടിവെച്ച് കനാലില്‍ തള്ളി. സംഭവം കഴിഞ്ഞ് പോലീസുകാര്‍ തിരിച്ചെത്തി കിടന്നുറങ്ങി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും പ്രതികളെ ജയിലിലടക്കാന്‍ അന്വേഷണം നടത്തിയവര്‍ക്ക് കഴിഞ്ഞില്ല. എല്ലാം സംഭവിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇത്രവലിയ ക്രൂരത ഇന്ത്യ സ്വതന്ത്രമായതിന് ശേഷം നടന്നിട്ടുണ്ടാവില്ല. 28 വര്‍ഷത്തിന് ശേഷം ഒരു പോറല്‍ പോലുമേല്‍ക്കാതെ മുഴുവന്‍ പോലീസുകാരും കുറ്റവിമുക്തരായി.’
ഇങ്ങനെയൊരു അറസ്റ്റ് നടത്തിയിട്ടില്ല എന്നു തെളിയിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പി എ സി നേരത്തേ തന്നെ നടത്തിയിരുന്നു. പക്ഷേ ഹാശിംപുരയില്‍ നിന്ന് പി എ സിക്കാര്‍ ഇരകളെ പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രവീണ്‍ ജയിന്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞുനിന്ന് പകര്‍ത്തി. ഈ ഫോട്ടോകളിലൊന്നില്‍ കൊല്ലപ്പെട്ട യാസീന്‍ എന്ന യുവാവിനെ വ്യക്തമായും കാണാനാവുമായിരുന്നു. ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് പി എ സിക്കാര്‍ അടിച്ചു ചതക്കുന്ന ദൃശ്യങ്ങള്‍ പോലും പുറംലോകത്തെത്തി. അര്‍ധസൈനികന്റെ കൈയില്‍ നിയമവിധേയമല്ലാത്ത ആയുധങ്ങള്‍ എങ്ങനെ വന്നു എന്ന ചോദ്യവും നിരായുധരായ ആളുകളെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളുമൊക്കെ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചു. ആ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രവീണ്‍ ജെയിന്‍ കേസിലെ നിര്‍ണായക സാക്ഷിയായി മാറി. കോടതിയില്‍ അന്നത്തെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകളുടെ പ്രിന്റുകള്‍ മാത്രം ഹാജരാക്കിയ പ്രോസിക്യൂഷന്‍ അടിസ്ഥാന തൊണ്ടിയായ നെഗറ്റീവ് പക്ഷേ വിട്ടുകളഞ്ഞു. പക്ഷേ പ്രോസിക്യൂഷനെ ഞെട്ടിച്ച് ആ നെഗറ്റീവുകള്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്കു ശേഷം ഇരകള്‍ക്ക് വേണ്ടി ഹാജരാക്കിയത് പ്രവീണ്‍ ആയിരുന്നു. സംഭവത്തിനു പിന്നില്‍ പി എ സിയാണെന്ന് കോടതിയില്‍ തെളിയിക്കാനായത് ഈ നെഗറ്റീവുകള്‍ നഷ്ടപ്പെടാതിരുന്നതു കൊണ്ട് മാത്രമായിരുന്നു. അതേസമയം കേസില്‍ ഉള്‍പ്പെട്ട പി എ സിയുടെ പട്ടാള വണ്ടിയും ജവാന്മാര്‍ ഉപയോഗിച്ച തോക്കുകളുമൊന്നും സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുക്കുകയോ കേസില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. എല്ലാ രേഖകളും രജിസ്റ്ററുകളും പ്രതികള്‍ക്ക് അനുകൂലമായി പി എ സി തിരുത്തിയെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ഏകദേശം വിചാരണ 18 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു ഈ കൊലവണ്ടി പ്രോസിക്യൂഷന്‍ കണ്ടെത്തിയത് തന്നെ. വൃന്ദഗോവര്‍ എന്ന അഭിഭാഷകയുടെ നിരന്തരമായ ശ്രമഫലമായിരുന്നു ഈ വണ്ടി കണ്ടെത്തിയത്. അത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പക്ഷേ ആ വണ്ടിയില്‍ അന്നത്തെ വെടിപ്പാടുകള്‍ മറച്ചുവെച്ച നിലയില്‍ ബാക്കിയുണ്ടായിരുന്നു.

എന്നിട്ടും പ്രതികള്‍ രക്ഷപ്പെട്ടു. 2015ലെ വിചാരണക്കോടതിയുടെ വിധി വന്ന പശ്ചാത്തലത്തില്‍ അല്‍- ജസീറയുടെ സോനിയ പോള്‍ ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയത് പി എ സി 41-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണോയെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവരെ വെറുതെവിട്ടത്. എന്നാല്‍ പ്രസ്തുത സംഘത്തിലെ മുഴുവന്‍ പോലീസുകാരുടെയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറി കണ്ടെത്താനായത് കേസില്‍ വഴിത്തിരിവായി. ഇപ്പോള്‍ വന്ന വിധിക്ക് പിന്നിലും ഈ ഡയറിയുടെ സാന്നിധ്യം വളരെ വലുതാണ്. നേരത്തെ വിചാരണ കോടതിയില്‍ ഈ ഡയറി കാണുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. വൈകിയാണെങ്കിലും ഹാശിംപുരയിലെ ഇരകള്‍ക്ക് ഇതോടെ നീതി ലഭിച്ചു. നീതിന്യായ വ്യവസ്ഥയില്‍ ഇനിയും രാജ്യത്തിന് പ്രതീക്ഷയുണ്ട് എന്ന് തെളിയിക്കുന്ന കോടതിവിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഓരോ വര്‍ഗീയകലാപം കഴിയുമ്പോഴും ഇരകളാകുന്നവര്‍ക്ക് പലപ്പോഴും നീതി നിഷേധിക്കപ്പെടാറാണ് പതിവ്. ഗുജറാത്ത് കലാപവും മുസഫര്‍നഗറും ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ കലാപങ്ങളിലെ ഇരകള്‍ക്കും ബന്ധുക്കള്‍ക്കും ഇനിയും നീതി ലഭിക്കേണ്ടതുണ്ട്. കേസുമായി മുന്നോട്ടുപോകുന്നവരെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് കലാപം സംഘടിപ്പിച്ചവര്‍ ഇപ്പോഴും രക്ഷപ്പെട്ടുപോകുന്നത്. കലാപങ്ങളിലെ ഇരകള്‍ക്ക് നിയമപരിജ്ഞാനവും മികച്ച നേതൃത്വവും ഇല്ലാതെ വരുമ്പോള്‍, ഇത്തരം ഭീഷണികള്‍ വിജയിച്ചുപോകുന്നു. കലാപം കൊണ്ട് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്തവര്‍ പ്രതികളെ രക്ഷിക്കാന്‍ എല്ലാം ചെയ്തുവെക്കുന്നു. ഈ രാഷ്ട്രീയനീക്കത്തിന് നേരെ ഒരു ചെറുവിരലനക്കാനെങ്കിലും ഹാശിംപുര വിധിക്ക് കഴിഞ്ഞാല്‍ നീതിന്യായ വ്യവസ്ഥയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചേക്കും.