ഷാര്‍ജ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ 1,460 കോടി ദിര്‍ഹമിന്റെ വ്യവഹാരം

Posted on: November 12, 2018 7:15 pm | Last updated: November 12, 2018 at 7:15 pm

ഷാര്‍ജ: ഷാര്‍ജയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗം ശക്തിയാര്‍ജിക്കുന്നുവെന്ന് റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡയറക്ടറേറ്റ്. 1460 കോടി ദിര്‍ഹമിന്റെ വ്യവഹാരങ്ങളാണ് ആദ്യത്തെ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആഗോള തലത്തിലുള്ള നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞുവെന്ന് ഷാര്‍ജ റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അഹ്മദ് അല്‍ ശംസി പറഞ്ഞു.

ഷാര്‍ജ ഭരണകൂടം റിയല്‍ എസ്‌റ്റേറ്റ് മേഖലക്കായി ഒരുക്കിയിട്ടുള്ള നിയമ നിര്‍മാണങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷങ്ങളുമൊരുക്കിയതിന്റെ ഫലമാണ് നിക്ഷേപകരെ ആകര്‍ഷികാനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ രജിസ്‌ട്രേഷനുകള്‍ മാത്രം 2415 എണ്ണമാണ്. റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷനുകളില്‍ മേലുള്ള മോര്‍ട്ടേജ് വ്യവഹാരം 880 കോടിയോളമായിട്ടുണ്ട്. നാല് കോടി ചതുരശ്ര മീറ്റര്‍ സ്ഥലമാണ് റിയല്‍ എസ്‌റ്റേറ്റ് വ്യവഹാരങ്ങളില്‍ കൈമാറ്റം ചെയ്യപ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 37,748 വ്യവഹാരങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ വര്‍ഷം ഒമ്പതാം മാസത്തിന്റെ അവസാനം വരെ 40,028 വ്യവഹാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ആറ് ശതമാനം വളര്‍ച്ചയാണ് രജിസ്റ്റര്‍ പ്രക്രിയയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.