സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് നിരോധിക്കും: കോണ്‍ഗ്രസ് പ്രകടന പത്രിക

    Posted on: November 12, 2018 9:01 am | Last updated: November 12, 2018 at 1:02 pm

    ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് ശാഖകള്‍ അടച്ചു പൂട്ടുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിടോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കകത്തോ പരിസരങ്ങളിലോ ശാഖകള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശാഖയില്‍ പോകാന്‍ അനുവദിക്കുന്ന നിലവിലെ ഉത്തരവ് റദ്ദാക്കും. ഉയര്‍ന്ന കര്‍ഷക കടാശ്വാസം നല്‍കും. ഗോശാലകള്‍ പണിയുമെന്നും 112 പേജുള്ള ‘വചന്‍ പത്ര’യില്‍ പറയുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്, പ്രചാരണ സമിതി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

    കഴിഞ്ഞ 12 വര്‍ഷമായി ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശാഖയില്‍ പങ്കെടുക്കാനുള്ള അനുമതിയുണ്ട്. ഉദ്യോഗസ്ഥര്‍ ശാഖയില്‍ പോകുന്നത് വിലക്കിക്കൊണ്ട് 1981ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കുകയും 2000ത്തില്‍ ദിഗ്‌വിജയസിംഗിന്റെ കാലത്ത് ഉത്തരവ് വീണ്ടും പുറത്തിറക്കുകയും ചെയ്തിരുന്നു. ശാഖയില്‍ പോയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമപ്രകാരം നടപടിയെടുക്കുമെന്നായിരുന്നു ഉത്തരവ്. 2006 സെപ്തംബറിലാണ് ബി ജെ പി മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ ആര്‍ എസ് എസിനെ സാമൂഹിക സാംസ്‌കാരിക സംഘടനയായി പ്രഖ്യാപിച്ച് ഈ ഉത്തരവ് മരവിപ്പിച്ചത്. ജീവനക്കാരെ ശാഖയില്‍ പോകാന്‍ അനുവദിക്കുന്ന പുതിയ ഉത്തരവ് കൊണ്ടുവരികയും ചെയ്തു.

    മറ്റ് വാഗ്ദാനങ്ങള്‍:
    മേഡ് ഇന്‍ മധ്യപ്രദേശിന് ഊന്നല്‍ നല്‍കും, സ്‌കൂള്‍തലം മുതല്‍ പി എച്ച്ഡി വരെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കും, ലഹരി മുക്ത മധ്യപ്രദേശാണ് ലക്ഷ്യം, പുതിയ വിധാന്‍ പരിഷത്ത് പണിയും, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ കണ്ടെത്താന്‍ പുതിയ സര്‍വേ നടത്തും, രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളും, കര്‍ഷകരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറക്കും.