നെയ്യാറ്റിന്‍കര സംഭവം: സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി

Posted on: November 12, 2018 12:19 pm | Last updated: November 12, 2018 at 2:09 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി
ഡി വൈ എസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുടുംബം സമരത്തിലേക്ക്. സനല്‍ കുമാര്‍ കൊല്ലപ്പട്ട സ്ഥലത്ത് താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി അറിയിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനല്‍ കുമാറിന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ നെടുമങ്ങാട് സ്വദേശി സതീഷ് കുമാര്‍, ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ ഹരികുമാര്‍ എവിടെയാണെന്ന കാര്യം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കേസ് അന്വേഷിക്കാന്‍ ഐ ജി. എസ് ശ്രീജിത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.