പേരുമാറ്റ കോലാഹലം

Posted on: November 12, 2018 10:07 am | Last updated: November 12, 2018 at 10:07 am

മുസ്‌ലിം ചുവയുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും നാമങ്ങള്‍ ഹൈന്ദവത്കരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സംഘ്പരിവാര്‍ സര്‍ക്കാറുകള്‍. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദിന്റെ പേര് ‘ശ്രീ അയോധ്യ’യെന്നാക്കി മാറ്റിയത് ദീപാവലിയോടനുബന്ധിച്ച പരിപാടിയിലാണ്. ഇതിന് പിന്നാലെ കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രഗത്തുവന്നു കൊണ്ടിരിക്കുന്നു. അഹ്മദാബാദിനെ ‘കര്‍ണാവതി’ യാക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തീരുമാനിച്ചു കഴിഞ്ഞു. തെലുങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ‘ഭാഗ്യനഗര്‍’ ആക്കുമെന്നാണ് ബി ജെ പി. എം എല്‍ എ രാജാസിംഗിന്റെ പ്രഖ്യാപനം. മുസാഫര്‍നഗര്‍ ‘ലക്ഷ്മി നഗര്‍’ ആക്കണമെന്ന് ഉത്തര്‍ പ്രദേശ് ബി ജെ പി. എം എല്‍ എ സംഗീത് സോമും അലിഗഡിന് ‘ഹരിനഗര്‍ ബസ്തി’യെന്നു പുനര്‍നാമകരണം ചെയ്യണമെന്ന് മറ്റൊരു ബി ജെ പി. എം എല്‍ എ അജയ് കുമാര്‍ സിംഗും ആവശ്യപ്പെടുന്നു. ഔറംഗാബാദിനെ ‘സംബാജിനഗറും’ ഉസ്മാനാബാദിനെ ‘ധാരാശിവ നഗറും’ ആക്കണമെന്ന ആവശ്യവുമായി ശിവസേനയും രംഗത്തുവന്നിട്ടുണ്ട്. നേരത്തെ മുഗള്‍സരായി റെയില്‍വേ സ്‌റ്റേഷന്റെ പേര് ‘ദീന്‍ ദയാല്‍ ഉപാധ്യായ സ്‌റ്റേഷന്‍’ എന്നും അലഹബാദിന്റെ പേര് ‘പ്രയാഗരാജ്’ എന്നുമാക്കി മാറ്റിയിരുന്നു യോഗി സര്‍ക്കാര്‍.

ഇങ്ങനെ പോയാല്‍ രാജ്യത്തെ ആയിരക്കണക്കിന് സ്ഥല, സ്ഥാപന നാമങ്ങള്‍ മാറ്റേണ്ടിവരും. ആഗോള തലത്തില്‍ അറിയപ്പെടുന്നതും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതുമായ കേന്ദ്രങ്ങളും കോട്ടകൊത്തളങ്ങളും കൊട്ടാരങ്ങളും പൊതു ഉദ്യാനങ്ങളും ഏറെയും മുസ്‌ലിം ഭരണാധികാരികള്‍ സ്ഥാപിച്ചതും മുസ്‌ലിം ചുവയുള്ള നാമങ്ങളില്‍ അറിയപ്പെടുന്നതുമാണ്. താജ്മഹല്‍, ഖുത്ബ് മിനാര്‍ , ചെങ്കോട്ട, ആഗ്ര കോട്ട, ചാര്‍മിനാര്‍, ഫത്തഹ്പ്പൂര്‍ സിക്രി, ജുമാ മസ്ജിദ്, ഇബ്‌റാഹീം റൗസ സമുച്ചയം (ബിജാപ്പൂര്‍, കര്‍ണാടക) ടര്‍ക്കിഷ് മഹല്‍ (ബിദാപ്പൂര്‍ കോട്ട, കര്‍ണാടക) സീതി സയ്യാദ് മസ്ജിദ് (അഹമദാബാദ്) തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. രാജ്യത്തിന്റെ വളര്‍ച്ചയിലും സാസ്‌കാരിക മുന്നേറ്റത്തിലും മുഗള്‍ രാജാക്കന്മാരും മുസ്‌ലിം ഭരണാധികാരികളും നല്‍കിയ സംഭാവനകള്‍ അദ്വിതീയമാണ്. ഇതിന്റെ സ്മരണാര്‍ഥമാണ് പല നഗരങ്ങള്‍ക്കും റോഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുസ്‌ലിംചുവയുള്ള പേരുകള്‍ വന്നത്. ഇതെല്ലാം ഹൈന്ദവവത്കരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ്. ഹിന്ദുത്വ ശക്തികള്‍ക്ക് ഇന്ത്യന്‍ ചരിത്രത്തിന് കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ സാധിച്ചില്ലെന്ന അപകര്‍ഷതാ ബോധമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് മറ്റുള്ളവര്‍ സ്ഥാപിച്ച ചരിത്ര സ്മാരകങ്ങള്‍ കൈയേറിയല്ല. സമാനമായതിന്റെ നിര്‍മിതിയിലൂടെയാണ്.

ഇര്‍ഫാന്‍ ഹബീബ് അഭിപ്രായപ്പെട്ട പോലെ മുഗള്‍ ഭരണത്തിനു മുമ്പുള്ള ഒരു സംസ്‌കാരത്തിലേക്ക് തിരിച്ചുപോകുകയാണ് പേരുമാറ്റത്തിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന ബി ജെ പി നേതാക്കളുടെ വാദത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍, ആദ്യം അവര്‍ മാറ്റേണ്ടത് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരാണ്. ആ ‘ഷാ’ പേര്‍ഷ്യയില്‍ നിന്ന് കടമെടുത്തതാണ്. ‘ഷാഹ്’എന്ന പേര്‍ഷ്യന്‍ പദം ലോപിച്ചതാണ് ‘ഷാ’. അതുപോലെ ബി ജെ പി ദേശീയ വക്താവായ ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, യു പി മന്ത്രി മൊഹ്‌സിന്‍ റാസ എന്നിവരുടെ പേരുകളും മാറ്റേണ്ടതുണ്ട്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ഓംപ്രകാശ് രജ്ബാറിനെ പോലെയുള്ള പല ബി ജെ പി നേതാക്കള്‍ക്കും സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതിനോട് യോജിപ്പില്ല. തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിക്കുന്ന പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പേര് മാറ്റമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ബാബരി മസ്ജിദ് ധ്വംസനം, ഗോവധ നിരോധം തുടങ്ങി ന്യൂനപക്ഷ വിരോധത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് ബി ജെ പി രാജ്യത്ത് കളിച്ചു വന്നത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് സ്ഥലങ്ങളുടെ പേരുമാറ്റവും. വ്യത്യസ്ത ആചാരങ്ങളെയും സംസ്‌കാരങ്ങളെയും സസന്തോഷം വാരിപ്പുണര്‍ന്നു, അതെല്ലാം സ്വന്തം സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റിയ സാംസ്‌കാരിക വിശാലതയുടെ നാടാണ് ഇന്ത്യ. അതെല്ലാം നശിപ്പിച്ച് കൊടിയ വര്‍ഗീയതയും സങ്കുചിത വീക്ഷണങ്ങളും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ബി ജെ പിയും സംഘ്പരിവാറും. ഫൈസാബാദിനും അഹ്മദാബാദിനും മറ്റും ഇന്നത്തെ പേരുകളല്ല നേരത്തെയുണ്ടായിരുന്നത് എന്ന ബി ജെ പിയുടെ വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. അവര്‍ മുന്നോട്ട് വെക്കുന്ന പുതിയ പേരുകള്‍ക്ക് ചരിത്രപരമായി പ്രസ്തുത പ്രദേശങ്ങളോട് ഒട്ടും ബന്ധമില്ലാത്തതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നുള്ള പേരുകളല്ല, മറ്റു പേരുകളായിരുന്നു നേരത്തെ ആ പ്രദേശങ്ങള്‍ക്കുണ്ടായിരുന്നതെങ്കില്‍ അത് സംസ്‌കൃതത്തിലോ പാലിയിലോ ആയിരുന്നു വേണ്ടിയിരുന്നത്. പുതുതായി നല്‍കിയ പേരുകളൊന്നും അങ്ങനെയുള്ളതല്ല. അയോധ്യ പ്രശ്‌നം ഊതിവീര്‍പ്പിച്ചുണ്ടായ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി ജെ പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു പിയിലുള്‍പ്പെടെ 2017-ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ തുണച്ചതും വര്‍ഗീയ തന്ത്രം തന്നെ. ഇപ്പോള്‍ പേരുമാറ്റ കോലാഹലങ്ങളിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വര്‍ഗീയ ധ്രുവീകരണമാണ്. നോട്ട് നിരോധം, റഫാല്‍ യുദ്ധവിമാന ഇടപാട്, സി ബി ഐയിലെ അഴിച്ചു പണി, ആര്‍ ബി ഐ-സര്‍ക്കാര്‍ ഭിന്നത തുടങ്ങിയവയിലെല്ലാം മുഖം നഷ്ടപ്പെട്ട ബി ജെ പിക്ക് വര്‍ഗീയ ധ്രുവീകരണമല്ലാതെ ജനങ്ങളെ സമീപിക്കാന്‍ മറ്റു ന്യായമാര്‍ഗങ്ങളില്ലല്ലോ.