Connect with us

National

കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

Published

|

Last Updated

ബംഗളൂരു: കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബംഗളൂരു ബസവനഗുഡിയിലെ ശ്രീ ശങ്കരാചാര്യ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.40ഓടെയായിരുന്നു അന്ത്യം. ലണ്ടനില്‍ വിദഗ്ധ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസം 20നാണ് അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയത്. പാര്‍ലിമെന്ററികാര്യത്തിന് പുറമെ രാസവള വകുപ്പിന്റെ ചുമതലയും അനന്ത്കുമാര്‍ വഹിച്ചിരുന്നു.

എച്ച് എന്‍ നാരായണ ശാസ്ത്രി – ഗിരിജ ശാസത്രി ദമ്പതികളുടെ മകനായി 1959 ജൂലൈ 22ന് ബംഗളൂരുവില്‍ ജനിച്ചു. ഹൂബ്ലിയിലെ കെഎസ് ആര്‍ട്‌സ് കോളജില്‍ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം പിന്നീട് ജെഎസ്എസ് ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടി. എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ബിജെപിയില്‍ സജീവമായി.

1996 മുതല്‍ ലോക്‌സഭയില്‍ തെക്കന്‍ ബംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അടല്‍ ബിഹാരി വാജ്പയ് മന്ത്രിസഭയില്‍ സിവില്‍ ഏവിഷേയന്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു. ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, എബിവിപി ദേശീയ പ്രസിഡന്റ്, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. തേജസ്വിനി. മക്കള്‍: ഐശ്വര്യ, വിജിത