കോണ്‍ഗ്രസുകാരെ കശാപ്പുകാരായി ചിത്രീകരിച്ച് ബി ജെ പി എം എല്‍ എ

Posted on: November 11, 2018 10:37 pm | Last updated: November 11, 2018 at 10:37 pm

ഭോപ്പാല്‍: കോണ്‍ഗ്രസുകാരെ കശാപ്പുകാരായി ചിത്രീകരിച്ച് ബി ജെ പി എം എല്‍ എയുടെ വിവാദ പ്രസ്താവന. മധ്യപ്രദേശിലെ ഹുസൂര്‍ എം എല്‍ എ. രാമേശ്വര്‍ ശര്‍മയാണ് കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗോശാലകള്‍ സ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം പൊള്ളയും വോട്ട് ലക്ഷ്യം വെച്ചുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘കശാപ്പുകാര്‍ വോട്ടിനു വേണ്ടി ഗോസ്‌നേഹികളായി നടിക്കുകയാണ്. കേരളത്തില്‍ പശുക്കളെ കശാപ്പു ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ ഇവിടെ പശു ആരാധകരായി അഭിനയിക്കുന്നു.’- വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ശര്‍മ പറഞ്ഞു. ഗോശാലകള്‍ സ്ഥാപിക്കുന്നതു കൂടാതെ പരുക്കേറ്റ കാലികളെ സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കശാപ്പ് നിരോധന നീക്കത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് കശാപ്പ് നടത്തിയത് സൂചിപ്പിച്ചായിരുന്നു ശര്‍മയുടെ വിവാദ പ്രസ്താവന.