രാജ്യത്തെ 25ഓളം നഗര ഗ്രാമങ്ങളുടെ പേരു മാറ്റാന്‍ കേന്ദ്രത്തിന്റെ അനുമതി

Posted on: November 11, 2018 10:08 pm | Last updated: November 11, 2018 at 10:08 pm

ന്യൂഡല്‍ഹി: രാജ്യത്ത് 25 ഓളം നഗര, ഗ്രാമങ്ങളുടെ പേരു മാറ്റാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. അലഹബാദിന്റെ പേര്് പ്രയാഗ് രാജ് എഎന്നും ഫൈസാബാദിന്റെത് അയോധ്യ എന്നും മാറ്റാനുള്ള നിര്‍ദേശം യു പി സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിച്ചേക്കും. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കണമെന്ന നിര്‍ദേശവും കേന്ദ്രത്തിനു മുന്നിലുണ്ട്.

ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ രജമുന്ദ്രി (രാജമഹേന്ദ്രവാരം), ഒഡീഷയില്‍ ബദ്രക് ജില്ലയിലെ ഔട്ടര്‍ വീലര്‍ (എ പി ജെ അബ്ദുല്‍ കലാം), കേരളത്തിലെ അരിക്കോട് (അരീക്കോട്), ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പിണ്ഡാരി (പാണ്ഡു-പിണ്ഡാര), നാഗാലന്‍ഡിലെ കിഫൈര്‍ ജില്ലയിലെ സാംഫൂര്‍ (സാന്‍ഫ്യൂര്‍) എന്നിവ പേരുമാറ്റം അംഗീകരിക്കപ്പെട്ട പട്ടികയില്‍ പെടും. എന്നാല്‍, നാഗാലന്‍ഡിലെ ദിമാപൂര്‍ ജില്ലയിലുള്ള കച്ചരിഗാവിനെ ഫെവിമ എന്ന് പേരുമാറ്റണമെന്ന നിര്‍ദേശം അടുത്തിടെ ആഭ്യന്ത്ര മന്ത്രാലയം തള്ളിയതായും ഔദ്യോഗിക വക്താവ് പറഞ്ഞു.

റെയില്‍വേ മന്ത്രാലയം, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ്, സര്‍വേ ഓഫ് ഇന്ത്യ എന്നിവയില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് നേടിയ ശേഷമാണ് ഏതൊരു പ്രദേശത്തിന്റെയും പേരു മാറ്റാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്. സമാന പേരുള്ള പ്രദേശം തങ്ങളുടെ രജിസ്റ്ററില്‍ ഇല്ലെന്ന് ഈ വകുപ്പുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതേസമയം, സംസ്ഥാനങ്ങളുടെ പേരു മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും. നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ പേരു മാറ്റത്തിന് എക്‌സിക്യൂട്ടീവ് ഉത്തരവു മാത്രം മതി.

കഴിഞ്ഞ വര്‍ഷം മുഗള്‍സരായ് റെയില്‍വേ സ്റ്റേഷനെ ദീന്‍ദയാല്‍ ഉപാധ്യായയെന്ന് കേന്ദ്രം പുനര്‍നാമകരണം ചെയ്തിരുന്നു. ഛത്രപതി ശിവജി ടെര്‍മിനസിനെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്നാക്കി മാറ്റാനും അനുമതി നല്‍കി. ഒരു സംസ്ഥാനത്തിന്റെ പേര് അവസാനമായി മാറ്റിയത് 2011ലാണ്. ഒറീസയുടെ പേര് ഒഡീഷ എന്നാക്കി മാറ്റുകയായിരുന്നു. 1995ല്‍ ബോംബെ (മുംബൈ), 96ല്‍ മദ്രാസ് (ചെന്നൈ), 2001ല്‍ കല്‍ക്കട്ട (കൊല്‍ക്കത്ത) എന്നിവയുടെ പുനര്‍നാമകരണവും നടന്നു.