രഥയാത്ര തടയാന്‍ ശ്രമിക്കുന്നവരുടെ തലയിലൂടെ രഥം കയറ്റുമെന്ന് ബി ജെ പി വനിതാ നേതാവ്

Posted on: November 11, 2018 8:49 pm | Last updated: November 12, 2018 at 8:14 am

മഡ്‌ല: പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ രഥയാത്ര തടയാന്‍ ശ്രമിക്കുന്നവരുടെ തലയില്‍ കൂടി രഥത്തിന്റെ ചക്രങ്ങള്‍ കയറ്റുമെന്ന് പാര്‍ട്ടിയുടെ വനിതാ മേധാവി ലോക്കറ്റ് ചാറ്റര്‍ജി. ‘സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുകയാണ് രഥയാത്രയുടെ പ്രധാന ലക്ഷ്യം. അതിനെ തടയാന്‍ ശ്രമിച്ചാല്‍ രഥ ചക്രങ്ങള്‍ അവരുടെ തലയില്‍ കയറിയിറങ്ങും.’- ലോക്കറ്റ് പറഞ്ഞു.

ലോക്കറ്റിന്റെ പ്രസ്താവനയെ തൃണമൂല്‍ കോണ്‍ഗ്രസ് അപലപിച്ചു. സംസ്ഥാനത്തെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിനു വേണ്ടി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണ് ബി ജെ പി നേതാക്കളെന്ന് പാര്‍ട്ടി സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. ‘തങ്ങളുടെ വര്‍ഗീയ അജന്‍ഡ ബംഗാളില്‍ നടപ്പാക്കുകയാണ് ബി ജെ പിയുടെ മുഖ്യ ലക്ഷ്യം. എന്നാല്‍ അവരുടെ ധ്രുവീകരണ നീക്കങ്ങളെ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കും.’

അസം മാതൃകയില്‍ പരിശോധിക്കുന്ന രജിസ്റ്റര്‍ ബംഗാളിലും വേണമെന്ന ആഗസ്റ്റില്‍ ലോക്കറ്റ് നടത്തിയ പരാമര്‍ശവും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലേക്കുള്ള കുടിയേറ്റം അനിയന്ത്രിതമായി വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ ബോംബ് നിര്‍മാണവും കള്ളക്കടത്തും കലാപവുമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ലോക്കറ്റ് പ്രസ്താവിക്കുകയുണ്ടായി.
2016ല്‍ ബിര്‍ഭൂം ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്കറ്റിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.