Connect with us

National

രജപക്‌സെ എസ് എല്‍ എഫ് പി വിട്ടു; ഇനി എസ് എല്‍ പി പിയില്‍

Published

|

Last Updated

കൊളംബോ: ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി (എസ് എല്‍ എഫ് പി) യുമായുള്ള അര നൂറ്റാണ്ടു നീണ്ട ബന്ധം പ്രധാന മന്ത്രി മഹിന്ദ രജപക്‌സെ അവസാനിപ്പിച്ചു. തന്റെ അനുയായികള്‍ പുതുതായി രൂപവത്കരിച്ച ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ് എല്‍ പി പി) യില്‍ ചേര്‍ന്നതായി അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വര്‍ഷം ജനുവരി അഞ്ചിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ എസ് എല്‍ പി പിക്കു കീഴില്‍ രജപക്‌സെ മത്സരിച്ചേക്കും. 1951ല്‍ പിതാവ് ഡോണ്‍ ആല്‍വിന്‍ രജപക്‌സെ സ്ഥാപിച്ച പാര്‍ട്ടിയോടാണ് അദ്ദേഹം വിടപറഞ്ഞത്.

രജപക്‌സെയുടെ രാഷ്ട്രീയ പുനപ്രവേശനത്തിനു വഴിയൊരുക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം അനുയായികള്‍ ചേര്‍ന്ന് എസ് എല്‍ എഫ് പി രൂപവത്കരിച്ചത്. ഫെബ്രുവരിയില്‍ പ്രാദേശിക കൗണ്‍സിലിലെ 340 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ട്ടി കരസ്ഥമാക്കിയിരുന്നു.

2005 മുതല്‍ ഒരു പതിറ്റാണ്ടു കാലം ശ്രീലങ്കയെ നയിച്ച 72കാരനായ രജപക്‌സെ 2015 ജനുവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന മൈത്രിപാല സിരിസേനയോടു അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു. വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സിരിസേന രജപക്‌സെയെ അട്ടിമറിച്ചത്. എന്നാല്‍ പിന്നീട് പ്രധാന മന്ത്രി വിക്രമസിംഗെയോട് ഇടഞ്ഞ സിരിസേന അദ്ദേഹത്തെ പുറത്താക്കുകയും തത്സ്ഥാനത്ത് രജപക്‌സെയെ നിയോഗിക്കുകയും ചെയ്തു. ഇതോടെ രാജ്യം ഭരണഘടനാ പ്രതിസന്ധിയിലേക്കു പതിച്ചു.

നവം: 16 വരെ പാര്‍ലിമെന്റ് നടപടികള്‍ നിര്‍ത്തിവെച്ച സിരിസേന ആഭ്യന്തര, അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് 14ന് പാര്‍ലിമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ രജപക്്‌സെയെ പ്രധാനമന്ത്രി പദത്തില്‍ നിയോഗിച്ച നടപടിക്കു മതിയായ പിന്തുണ സഭയില്‍ നിന്നു ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം വെള്ളിയാഴ്ച പാര്‍ലിമെന്റ് പിരിച്ചുവിടുകയും ജനു: അഞ്ചിനു ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 225 അംഗ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് രജപക്‌സെക്ക് കുറഞ്ഞത് 113 അംഗങ്ങളുടെ പിന്തുണ വേണം.