Connect with us

Ongoing News

(വഖ്ഫ്) സ്വത്താണീ റെയില്‍വേ സ്റ്റേഷന്‍

Published

|

Last Updated

പൊടിച്ചുരുളുകളുയരുന്ന പാതയോരത്ത് എളുപ്പം ശ്രദ്ധചെല്ലാത്തൊരിടത്താണാ റെയില്‍വേ സ്റ്റേഷന്‍. നിമിഷാര്‍ധങ്ങള്‍ കൊണ്ട് ട്രെയിന്‍ നഷ്ടപ്പെടുമോയെന്ന ആധിയുടെ യാത്രാക്കാലുകളെയോ ലക്ഷ്യസ്ഥാനത്തെത്തിയതിന്റെ നിര്‍വൃതിയിലും തത്ഫലമായ ആലസ്യത്തിലും കടന്നുപോകുന്നവരെയോ ബേജാര്‍ പെരുമ്പറ കൊട്ടിക്കുന്ന അറിയിപ്പുകളോ പോര്‍ട്ടര്‍മാരുടെയോ വെണ്ടര്‍മാരുടെയോ ശബ്ദങ്ങളോ ഇല്ലാത്ത ശാന്തമായയിടം. വഴിത്തിരിവ് സൃഷ്ടിച്ച സുവര്‍ണ ചരിതത്തിന്റെ ഏടുകള്‍ പക്ഷേ പെരുമ്പറ കൊട്ടുന്നുണ്ട് ഈ കരിങ്കല്‍ക്കെട്ടുകളില്‍. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഹിജാസ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള കരിങ്കല്‍ പ്രവേശനദ്വാരങ്ങള്‍ നമ്മെയെത്തിക്കുക മറ്റൊരു നൂറ്റാണ്ടിലേക്കാകും. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തെ കഥയും ചരിത്രവുമാണ് ഈ സ്റ്റേഷനും രാജകീയ പ്രൗഢിയോടെയുള്ള ആവി എഞ്ചിനും അവിടുത്തെ ട്രാക്കുകള്‍ക്കുമൊക്കെ പറയാനുള്ളത്.

ഹിജാസ് റെയിണ്‍വേയിലെ ചെറിയ സ്്‌റ്റേഷനുകളിലൊന്നായ ഉനൈസ (2010ലെ ചിത്രം).

  • ഒന്നിപ്പിന്റെ രാജപാത
    ആധുനിക കാലത്തെ ബോസ്‌നിയ- ഹെര്‍സഗോവിന മുതല്‍ കരിങ്കടല്‍ കടന്ന് ബസ്വറ, ബൈറൂത്ത് വരെയുള്ള മേഖലയുടെ അധിപനായിരുന്ന ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ 1900ലാണ് ഹിജാസ് റെയില്‍വേ നിര്‍മിക്കാന്‍ ഉത്തരവിട്ടത്. സഊദി അറേബ്യയുടെ ഹിജാസ് മേഖലയിലൂടെ കടന്നുപോകുന്നതിനാലും പ്രധാനമായും ഹജ്ജാജിമാരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി നിര്‍മിച്ചതിനാലുമാണ് ഈ പേര് വന്നത്. മെഡിറ്ററേനിയന്‍ കടലോരത്തെ ഹൈഫയിലേക്ക് ഒരു ഉപപാതയുമുണ്ട്. ദമസ്‌കസിനപ്പുറം കദികോയിലെ ഹൈദര്‍പാസ ടെര്‍മിനലില്‍ നിന്ന് മക്കയിലേക്ക് വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, മദീനക്കപ്പുറം നിര്‍മാണം പൂര്‍ത്തിയായില്ല. നാനൂറ് കിലോമീറ്റര്‍ കൂടിയായിരുന്നു മക്കയിലേക്ക് ഉണ്ടായിരുന്നത്. നിര്‍മാണം പൂര്‍ത്തിയായ ദമസ്‌കസ്- മദീന ഭാഗം 1300 കിലോമീറ്ററായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പ്‌ളിന്, തിരുഗേഹങ്ങളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഓട്ടോമന്‍ സാമ്രാജ്യവുമായി വിദൂരത്തുള്ള അറേബ്യന്‍ പ്രവിശ്യകളുമായുള്ള സാമ്പത്തിക രാഷ്ട്രീയ ഉദ്ഗ്രഥനവും സൈനികരുടെ ഗതാഗതവുമെല്ലാം മറ്റ് ലക്ഷ്യങ്ങളായിരുന്നു. പൂര്‍ത്തിയാക്കുമ്പോള്‍ യാതൊരു കടവുമുണ്ടായിരുന്നില്ല. 1864ലാണ് ഇത്തരമൊരു പദ്ധതിക്ക് ആദ്യമായി നിര്‍ദേശം വരുന്നത്. ഹജ്ജ് സമയത്ത് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും എളുപ്പത്തിലും മക്കയിലെത്താന്‍ ലക്ഷ്യമിട്ടാണ് ഹിജാസ് റെയില്‍വേയുടെ നിര്‍മാണം. ഒട്ടക സാര്‍ഥവാഹക സംഘത്തിന്റെ കൂടെ ആഴ്ചകളോളം സഞ്ചരിക്കണമായിരുന്നു മക്കയിലെത്താന്‍. ഒട്ടക സംഘത്തോടൊപ്പം അല്ലെങ്കില്‍ മാസങ്ങള്‍ പലതെടുക്കും. സിറിയയിലെ ദമസ്‌കസില്‍ നിന്ന് മദീനയിലേക്ക് തന്നെ 40 ദിവസമെടുക്കും. മിദായിന്‍, നഫൂദ്, ഹിജാസ് പര്‍വതങ്ങളുടെ വന്യതയും മരുഭൂ യാത്രയും നിമിത്തം ഹജ്ജിന് പോകുന്ന 40 ശതമാനം പേരും മരിക്കുകയായിരുന്നു പതിവ്. പട്ടിണി, ദാഹം, രോഗം തുടങ്ങിയവയായിരുന്നു മരണകാരണങ്ങള്‍. റെയില്‍വേ പൂര്‍ത്തിയായതോടെ നാല്‍പ്പത് ദിന യാത്ര അഞ്ച് ദിവസമായി ചുരുങ്ങി. ബെര്‍ലിന്‍- ബഗ്ദാദ് റെയില്‍വേ പദ്ധതിയുടെ ഉപപദ്ധതിയാണിത്. ദമസ്‌കസ്- മദീന ഘട്ടം പൂര്‍ത്തിയായതോടെ വടക്കന്‍ പാത ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പ്‌ളിലേക്കും തെക്കന്‍ പാത മക്കയിലേക്കും ദീര്‍ഘിപ്പിക്കാനുള്ള പദ്ധതിയായി. മുസ്‌ലിംകളില്‍ നിന്നുള്ള സംഭാവന, ഓട്ടോമന്‍ രാഷ്ട്രങ്ങളുടെ വരുമാനം, നികുതി എന്നിവയില്‍ നിന്നുള്ള ഫണ്ടാണ് റെയില്‍വേ നിര്‍മാണത്തിന് ഉപയോഗിച്ചത്. അതിനാല്‍ തന്നെ വഖ്ഫ് സ്വത്തായി അഥവാ മുസ്‌ലിം പൊതുസ്വത്തായി റെയില്‍പ്പാത കണക്കാക്കപ്പെടുന്നു. ലോകത്തെ എല്ലാ മുസ്‌ലിംകളും ഇതിന് അവകാശികളാണെന്ന് ജോര്‍ദാന്‍ ഹിജാസ് റെയില്‍വേയ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ അസ്മി നല്‍ശിക് പറയുന്നു: പള്ളി പോലെയാണിത്, ഒരിക്കലും വിറ്റുകൂട.

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍

  • അറേബ്യന്‍ ലോറന്‍സിന്റെ ലക്ഷ്യം
    പ്രായോഗിക രാഷ്ട്രീയ പ്രയോജനം കൂടി ഈ റെയില്‍പ്പാത നിര്‍മാണത്തിന് പിന്നിലുണ്ടായിരുന്നു. റെയില്‍പ്പാത നിര്‍മിക്കുന്നതിന് ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓട്ടോമന്‍ അധികാരപ്രദേശം അല്‍പ്പാല്‍പ്പമായി ശത്രുസാമ്രാജ്യങ്ങള്‍ അപഹരിക്കുന്നുണ്ടായിരുന്നു. ഫ്രഞ്ച് സേന ടുണീഷ്യയും ബ്രിട്ടീഷുകാര്‍ ഈജിപ്തും കീഴടക്കിയപ്പോള്‍ റുമേനിയയും സെര്‍ബിയയും മോണ്ടിനിഗ്രോയും സ്വാതന്ത്ര്യം നേടി. റെയില്‍പ്പാത നിര്‍മാണത്തിലൂടെ മുസ്‌ലിംകളെ മാത്രമല്ല ഒന്നിപ്പിച്ചത് അവരുടെ ദേശങ്ങളെ കൂടിയായിരുന്നു.
    എന്നാല്‍, കാര്യങ്ങള്‍ എല്ലാം സുല്‍ത്താന്‍ കരുതിയ പോലെയായിരുന്നില്ല. 1908ല്‍ ദമസ്‌കസില്‍ നിന്ന് മദീനയിലേക്ക് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തിയതിന്റെ പിറ്റേ വര്‍ഷം പക്ഷെ, സുല്‍ത്താന്‍ അധികാര ഭ്രഷ്ടനായി. അതിര്‍ത്തി ഭേദമില്ലാതെ തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, ഇസ്‌റാഈല്‍, സഊദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളിലൂടെ തീര്‍ഥാടകരെയും മറ്റ് യാത്രക്കാരെയും വഹിച്ച് ട്രെയിന്‍ ഓടി. 1914ഓടെ മൂന്ന് ലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. എന്നാല്‍, ഹിജാസ് റെയില്‍വേയുടെ പ്രതാപകാലം പത്ത് വര്‍ഷമേ നീണ്ടുള്ളൂ. ഒന്നാം ലോക മഹായുദ്ധത്തില്‍ ഹിജാസ് റെയില്‍വേയെ തുര്‍ക്കിഷ് സൈന്യം ഉപയോഗിച്ചതോടെ ശത്രുക്കളുടെ പ്രധാന കരടായി മാറി. അറേബ്യന്‍ ലോറന്‍സ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ടി ഇ ലോറന്‍സിന്റെയും അറബ് വിപ്ലവത്തിലെ മറ്റ് പട്ടാളക്കാരുടെയും ആക്രമണത്തില്‍ പാത തകര്‍ന്നു. അറ്റക്കുറ്റപ്പണികള്‍ നടത്താതെ ആ ചരിത്ര പാത ഊര്‍ധ്വന്‍ വലിച്ചു.

മുഅസ്സം സ്‌റ്റേഷന്റെ മേല്‍ക്കൂരയില്‍ നിലയുറപ്പിച്ച ഓട്ടോമന്‍ സൈനികര്‍. 1908ലെടുത്ത ചിത്രം

  • യാത്രക്കാരില്ലാത്ത സ്റ്റേഷനുകള്‍
    ഇന്ന് അമ്മാനിലെ പ്രധാന സ്റ്റേഷനില്‍ ആവി എഞ്ചിന്‍, ക്ലാവ് പിടിക്കാത്ത ആ ചരിത്രസംഭവത്തിന് സാക്ഷിയായി ഗരിമയോടെ ശാന്തമായി നിലകൊള്ളുന്നു. തീവണ്ടിയുടെ ഭാഗമായ ഒരു നൂറ്റാണ്ട് പഴക്കമുള്ള അല്ലറചില്ലറ സാധനങ്ങള്‍, പഴയ ടിക്കറ്റുകള്‍, ഫോട്ടോകള്‍, റാന്തല്‍വിളക്കുകള്‍ തുടങ്ങിയവയെല്ലാം ഒരു മ്യൂസിയത്തിലുണ്ട്. “ഒരു നൂറ്റാണ്ടിന്റെ വിസ്മയം. ട്രാക്കുണ്ട്, പക്ഷെ ട്രെയിനോടുന്നില്ല. സ്റ്റേഷനുകളുണ്ട് എന്നാല്‍ യാത്രക്കാരില്ല” എന്നാണ് അലി അത്തന്‍ത്വാവി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു ദുരന്തമാണിത്.
    കാലന്തരേണ ചില ഭാഗങ്ങളൊക്കെ പുനരുജ്ജീവിപ്പിച്ച് തുടങ്ങി. ഹൈഫയില്‍ നിന്ന് ബീത് ശിആനിലേക്ക് 2016ല്‍ ഇസ്‌റാഈല്‍ ഒരു ഭാഗം തുറന്നു. പുനര്‍നിര്‍മിച്ച ശേഷമായിരുന്നു ഇത്. 2011 അവസാനം തുറന്ന അമ്മാന്‍- ദമസ്‌കസ് പാത ഇപ്പോള്‍ ജനകീയമാണ്. അവര്‍ സിറിയയിലേക്ക് വാരാന്ത്യ ഉല്ലാസ യാത്ര നടത്തുന്നു. ജോര്‍ദാനില്‍ പാതയുടെ രണ്ട് ഭാഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വേനല്‍ക്കാലങ്ങളില്‍ മാത്രമായി ആവിവണ്ടി ഉപയോഗിക്കുന്നു. വാദറൂം മരുഭൂമിയിലൂടെയാണ് സര്‍വീസ്. അറേബ്യന്‍ ലോറന്‍സ് ഒരിക്കല്‍ അക്രമിച്ച സമാന ഭാഗത്തു കൂടെ ഇരകളുടെ പിന്മുറക്കാര്‍ തങ്ങളുടെ ഒഴിവുവേളകള്‍ ആനന്ദകരമാക്കുന്നു. വര്‍ഷത്തിലുടനീളം അമ്മാനില്‍ നിന്ന് അല്‍ ജിസ സ്റ്റേഷനിലേക്ക് പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ട്. അമ്മാനില്‍ നിന്ന് അല്‍ ജിസയിലേക്ക് നാരോഗേജ് ട്രാക്കിലൂടെ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് ട്രെയിന്‍ ഓടുക. 35 കിലോമീറ്റര്‍ താണ്ടാന്‍ രണ്ട് മണിക്കൂറിലേറെയെടുക്കും.
    അമ്മാനില്‍ ഇങ്ങനെയൊരു ചരിത്ര സ്റ്റേഷന്‍ ഉണ്ടെന്നറിയാതെ സ്വദേശികളും വിദേശികളുമായി ആയിരങ്ങള്‍ അതിലൂടെ കടന്നുപോകുന്നു. അതും 110 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വഖ്ഫ് സ്വത്ത്. ജോര്‍ദാന്റെ ടൂറിസം മാപ്പില്‍ ഹിജാസ് സ്റ്റേഷനും ഉള്‍പ്പെടുത്താനും ജനകീയമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയിലുണ്ട്. സര്‍ഖ- അമ്മാന്‍ (30 കി.മീ.) പാതയില്‍ ദിവസം ആറ് ലക്ഷം പേര്‍ യാത്ര ചെയ്യുന്നു. പൊതുഗതാഗത സൗകര്യം വളരെ കുറവും. ഈ പശ്ചാത്തലത്തില്‍ റെയില്‍വേ പാത പുനരുജ്ജീവിപ്പിച്ചാല്‍ ഏറെ ഉപകാരപ്പെടും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇതുവരെ ഇടംപിടിച്ചിട്ടുമില്ല. 2015ല്‍ സഊദി അറേബ്യ യുനെസ്‌കോയുടെ പരിഗണനക്ക് ഇത് സമര്‍പ്പിച്ചിരുന്നു. സഊദിയില്‍ ചെറുമ്യൂസിയമുണ്ട്. അവര്‍ പൈതൃകമായാണ് കാണുന്നതും. അമ്മാനില്‍ പുതിയ മ്യൂസിയം നിര്‍മാണത്തിലാണ്. ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകും. പ്രതീകാത്മക വഴിത്തിരിവെന്ന് പറയാം; തുര്‍ക്കിഷ് ഡെവലപ്‌മെന്റ് ഏജന്‍സി (ടിക)യാണ് ഇതിന് ധനസഹായം നല്‍കുന്നത്.
    സിറിയയില്‍ നിന്ന് യാത്രക്കാരെയും വഹിച്ച് സഊദി അറേബ്യയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത് ഇപ്പോള്‍ പ്രയാസമാണെങ്കിലും ഹിജാസ് റെയില്‍വേയുടെ പൈതൃകം സജീവമായി നിലനിര്‍ത്തുവോളം പ്രതീക്ഷക്ക് വകയുണ്ടാകും.
    (ബി ബി സിയില്‍ പ്രസിദ്ധീകരിച്ച അമന്ദ റുഗ്ഗേറിയുടെ Where steam locomotives are still king എന്ന യാത്രാവിവരണത്തെ ഉപജീവിച്ചെഴുതിയത്)
    .

Latest