Connect with us

Kerala

വര്‍ഗീയത ചൂണ്ടിക്കാട്ടിയ വിധി ലീഗിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകും

Published

|

Last Updated

തിരുവനന്തപുരം: വര്‍ഗീയത ചൂണ്ടിക്കാട്ടി കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി മുസ്‌ലിം ലീഗിന്റെ മതേതര അവകാശ വാദത്തിന് തിരിച്ചടിയാകും. ഒപ്പം ലീഗിലെ ഏറ്റവും മതേതരനായ നേതാവെന്ന് സ്വയം അവകാശപ്പെടുന്ന കെ എം ഷാജിക്ക് ഭാവി രാഷ്ട്രീയ ജീവിതത്തെയും വിധി പ്രതികൂലമായി ബാധിക്കും.
മേല്‍ കോടതിയെ സമീപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് സാധാരണയായി കോടതി അനുവദിക്കാറുള്ള താത്കാലിക സ്റ്റേ, കേസില്‍ കെ എം ഷാജിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി വിധി മുസ്‌ലിം ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഈ ക്ഷീണം മറികടക്കാന്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതിനപ്പുറം വിധി മറികടക്കാനുതകുന്ന ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് നേടിയെടുക്കാനായിരിക്കും മുസ്‌ലിം ലീഗ് നേതൃത്വം ശ്രമിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടുകള്‍ സമാഹരിക്കുന്നതിന് വര്‍ഗീയത ഉപയോഗിച്ചുവെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ലീഗിനെയും ഷാജിയെയും നാണക്കേടിലാക്കിയിരിക്കുകയാണ്.

മതേതര നിലപാടുകള്‍ പരസ്യമായി പ്രകടപ്പിക്കുന്നതിലൂടെ സംഘ്പരിവാറിനുള്‍പ്പെടെ ഭൂരിപക്ഷ സമുദായത്തിന് ലീഗിലെ സ്വീകാര്യനായ നേതാവായി മാറിയ ഷാജിക്ക് ഭാവിയില്‍ ഇത്തരം വോട്ടുകള്‍ മറിയുന്നതിനും കാരണമായേക്കും.
ഭൂരിപക്ഷ വര്‍ഗീയതക്ക് പരോക്ഷമായി സഹായകരമായാലും ന്യൂനപക്ഷ വര്‍ഗീയതയോട് സന്ധിയാകില്ലെന്ന നിലപാടാണ് കെ എം ഷാജി സ്വീകരിച്ചിരുന്നത്. ഈ നിലപാടിലെ പൊള്ളത്തരം തുറന്ന് കാട്ടുന്നതാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. മുസ്‌ലിം സംഘടനകളെ തങ്ങളുടെ കാല്‍ക്കീഴിലൊതുക്കിയും വഴങ്ങാത്തവരെ കായികമായും രാഷ്ട്രീയമായും നേരിട്ടും നിലനിര്‍ത്തിപ്പോന്ന മേല്‍ക്കോയ്മ വര്‍ഗീയമായി ഉപയോഗിക്കുകയാണെന്ന പ്രതീതിയാണ് കോടതി വിധിയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ കെട്ടിപ്പൊക്കിയ മതേതര പ്രതിച്ഛായക്ക് അത് തീരാകളങ്കമേല്‍പ്പിക്കും. ലീഗിനെതിരായ വര്‍ഗീയ പരാമര്‍ശം സി പി എം ഭാവിയില്‍ ഉപയോഗിക്കുമെന്നതിനാല്‍ ഷാജിയുടെ പ്രസംഗത്തിലൂടെ മാത്രം പ്രതിസന്ധി മറികടക്കാനാകില്ലെന്നും പാര്‍ട്ടി തന്നെ നേരിട്ട് പ്രതിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേസമയം, ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചാല്‍ അഴീക്കോട് നിയോജക മണ്ഡലത്തില്‍ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഉപതിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചാരണം വരെ ഇരുമുന്നണികള്‍ക്ക് മുന്നിലും സങ്കീര്‍ണതകളായിരിക്കും തിരഞ്ഞെടുപ്പ് സൃഷ്ടിക്കുക.
എം വി നികേഷ് കുമാറിനെതിരെ സി പി എമ്മിലെ ഒരു വിഭാഗത്തിനുള്ള അതൃപ്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നികേഷിനെ വീണ്ടും മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് ഏറെ ശ്രമകരമായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയം ലീഗിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഈ സാഹചര്യം മുതലെടുത്ത് സീറ്റ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും തള്ളിക്കളയാനാകില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest