ബി ജെ പി വന്നാല്‍ ഹൈദരാബാദ് ‘ഭാഗ്യനഗര്‍’ ആക്കുമെന്ന് ബിജെപി നേതാവ്‌

Posted on: November 9, 2018 10:39 pm | Last updated: November 10, 2018 at 2:46 pm

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം ലഭിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബി ജെ പി നേതാവിന്റെ പ്രഖ്യാപനം. ഗോഷാമഹലില്‍ നിന്നുള്ള എം എല്‍ എ രാജാ സിംഗിന്റേതാണ് പ്രഖ്യാപനം. ‘തെലങ്കാനയില്‍ ബി ജെ പി അധികാരത്തിലേറിയാല്‍ ആദ്യ പരിഗണന വികസനത്തിനാണ്. രണ്ടാമത് ഹൈദരാബാദിന്റെ പുനര്‍നാമകരണത്തിനായിരിക്കും. സെക്കന്തരാബാദ്, കരിംനഗര്‍ എന്നീ പേരുകളും മാറ്റും.’- രാജാ സിംഗ് പറഞ്ഞു.

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്നും 16ാം നൂറ്റാണ്ടില്‍ ഭരിച്ച ഖുലി ഖുത്ബ് ഷാഹിസ് ആ പേര് മാറ്റുകയായിരുന്നുവെന്നുമാണ് രാജാ സിംഗ് പറയുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമുഖ നഗരങ്ങളുടെ പേരുകള്‍ മാറ്റുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. നേരത്തെ ഫൈസാബാദിനെ അയോധ്യയായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാത് പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദിനെ കര്‍ണാവതി എന്നാക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ പ്രഖ്യാപനം.