അബുദാബിയില്‍ 10 കോടി ദിര്‍ഹമിന്റെ വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

Posted on: November 5, 2018 10:27 am | Last updated: November 5, 2018 at 10:27 am

അബുദാബി: അബുദാബിയില്‍ കോടികള്‍ വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 10 കോടി ദിര്‍ഹമിന്റെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയത്. രാജ്യത്ത് വില്‍പ്പന നടത്തുന്ന മുന്‍നിര കമ്പനികളുടെ വ്യാജ ഉത്പന്നങ്ങളാണ് പിടികൂടിയവയിലധികവുമെന്ന് അബുദാബി പോലീസ് അറിയിച്ചു.സ്വര്‍ണ്ണം, സുഗന്ധ ദ്രവ്യങ്ങള്‍, വാച്ച്, വസ്ത്രങ്ങള്‍, ഗ്ലാസുകള്‍, ബാഗുകള്‍, ഷൂസുകള്‍, വാഹന സാധനങ്ങള്‍ എന്നിവയാണ് പിടികൂടിയവയിലധികവും.

അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക െ്രെകംസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. വ്യാജ ഉത്പന്നങ്ങളുടെ സംഭരണ സ്ഥലം തീപിടിക്കുന്നതിനും മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ക്ക് സമാനമായ മുദ്രാവാക്യം അടയാളപ്പെടുത്തിയ വ്യാജ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നതായി അല്‍ റാഷിദ് പറഞ്ഞു.

ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അധികൃതരുമായി ആശയവിനിമയം നടത്തി ഒര്‍ജിനലാണോ എന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്നും വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.